കോഴിക്കോട് : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്നു വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാനിരക്കുവർധന തുടരുന്നു. പ്രമുഖ ഇന്ത്യൻ എയർലൈനുകൾ സർവീസുകൾ നിർത്തിയതും അവധിക്കാലത്തിനു ശേഷം പ്രവാസികളുടെ മടക്കയാത്ര പൂർണമാകാത്തതുമാണു നിരക്ക് ഉയർന്നുനിൽക്കാൻ പ്രധാന കാരണം. കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള യാത്രക്കാരിൽ 40% പേരും സൗദിയിലേക്കുള്ളവരാണ്.സൗദി എയർലൈൻസിൽ സാധാരണ ജിദ്ദ– കാലിക്കറ്റ് വിമാന നിരക്ക് 18,000–25,000 രൂപ ആയിരുന്നത് ഇപ്പോൾ 45,000നും 50,000നും ഇടയിലാണ്. സാധാരണയായി സെപ്റ്റംബർ അവസാനത്തോടെ നിരക്കുകൾ കുറയാറുണ്ടെങ്കിലും, ഇത്തവണ യുദ്ധസാഹചര്യവും വിമാനങ്ങളുടെ റദ്ദാക്കലും കാരണം ഒക്ടോബറിലും നിരക്കു താഴ്ന്നിട്ടില്ല. ഇന്ത്യൻ വിമാനക്കമ്പനികൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ 23 വരെ സർവീസുകൾ നിർത്തിയിരിക്കുകയാണ്. ഗൾഫ് എയർ ഉൾപ്പെടെയുള്ള സർവീസുകളിലും നിയന്ത്രണങ്ങൾ വന്നതോടെയാണു യാത്രക്കാർ പ്രതിസന്ധിയിലായത്.അതേസമയം ടിക്കറ്റ് നിരക്കു മൂന്നു ലക്ഷം രൂപയിലേക്ക് ഉയർന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കുന്നതു കൊണ്ടും ഷെഡ്യൂളുകൾ കുറയ്ക്കുന്നതു കൊണ്ടും ഉണ്ടാകാവുന്ന വർധന മാത്രമാണ് ഇപ്പോഴുള്ളതെന്നും ഇവർ പറയുന്നു.
സൗദിയിലേക്കുള്ള യാത്രയ്ക്ക് 50,000 രൂപ വരെ; നിരക്ക് കുതിക്കുന്നു: ഗൾഫ് യാത്രക്കാരിൽ 40% പേരും സൗദിയിലേക്ക്.