കുവൈത്ത് സിറ്റി: എണ്ണയും അപകടകരമായ രാസവസ്തുക്കളും മൂലമുള്ള സമുദ്രമലിനീകരണ സംഭവങ്ങൾ നേരിടുന്നതിനായി ദേശീയതലത്തിലെ അടിയന്തര പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കുവൈത്ത് പരിസ്ഥിതി പൊതുഅതോറിറ്റി നടപടികൾ ആരംഭിച്ചു.

സമുദ്രപരിസ്ഥിതിയുടെ സംരക്ഷണവും മലിനീകരണ സംഭവങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുദിവസത്തെ പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.

പരിസ്ഥിതി പൊതുഅതോറിറ്റിയിലെ ജലഗുണനിലവാര നിരീക്ഷണ വിഭാഗത്തിന് കീഴിലുള്ള സമുദ്രജല നിരീക്ഷണ വിഭാഗം മേധാവി ഡോ. ലുജൈൻ അൽ സായിഗാണ് പരിപാടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

എണ്ണ, അപകടകരവും ദോഷകരവുമായ വസ്തുക്കൾ എന്നിവ മൂലമുള്ള സമുദ്രമലിനീകരണ സംഭവങ്ങൾ നേരിടുന്നതിനുള്ള ദേശീയ അടിയന്തര പ്രതികരണ പദ്ധതിയാണ് ശിൽപശാലയുടെ പ്രധാന വിഷയം.

അടിയന്തര പ്രതികരണ പദ്ധതിയുടെ സാങ്കേതിക സംവിധാനങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ, നടപടിക്രമങ്ങൾ, വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം എന്നിവ പരിപാടിയിൽ വിലയിരുത്തും.

സമുദ്രമലിനീകരണ സംഭവങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നതിനാൽ വകുപ്പുകൾ തമ്മിലുള്ള മുൻകൂർ ഏകോപനം നിർണായകമാണെന്ന് ഡോ. ലുജൈൻ അൽ സായിഗ് വ്യക്തമാക്കി.

ദേശീയ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കുപുറമേ പ്രാദേശിക സംഘടനകളിലെ വിദഗ്ധരും സാങ്കേതിക ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്.

സമുദ്രപരിസ്ഥിതിയും സമുദ്രവിഭവങ്ങളും സംരക്ഷിക്കുന്നതിനൊപ്പം മലിനീകരണ സംഭവങ്ങളിൽ വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണം ഉറപ്പുവരുത്തുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.