നാളെ പ്രശസ്ത നടൻ പത്മശ്രീ മധുവിന്റെ കണ്ണമ്മൂല വസതിയിൽ നിന്ന് ഉത്സവ നഗരിയിൽ ഉയർത്താനുള്ള പതാക വി.എസ്.ശിവകുമാർ,പുനലൂർ സോമരാജൻ അഡ്വ.കെ.പി.ജയചന്ദ്രൻ എന്നിവർക്ക് നടൻ മധു കൈമാറുന്നു

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സാംസ്‌കാരിക ഉത്സവം നാളെ കൊടിയേറും. ഒക്ടോബർ 21 മുതൽ 27 വരെ കിഴക്കേകോട്ട പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിലെ വയലാർ നഗറിലാണ് സാംസ്കാരിക ഉത്സവം നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ സാംസ്‌കാരിക പരിപാടികളുടെ സമാപനമായാണ് ഈ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് സാഹിത്യ സമ്മേളനങ്ങൾ,വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള നൃത്താവിഷ്കാരങ്ങൾ, ഗാനസന്ധ്യകൾ,സിമ്പോസിയം, പുസ്തക പ്രകാശനം,വിവിധ പുരസ്കാര സമർപ്പണങ്ങൾ എന്നിവ അരങ്ങേറും.

*ഒന്നാം ദിവസം നാളെ ബുധനാഴ്ച

വൈകുന്നേരം 4ന് പ്രശസ്ത ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്റെ കണ്ണമ്മൂലയിലുള്ള വസതിയിൽ വെച്ച് ഉത്സവ നഗരിയിൽ ഉയർത്താനുള്ള പതാക മധു

മുൻ മന്ത്രി വി.എസ്.ശിവകുമാർ,പുനലൂർ സോമരാജൻ,അഡ്വ. കെ.പി. ജയചന്ദ്രൻ എന്നിവർക്ക് കൈമാറും.

* രണ്ടാം ദിവസം വ്യാഴാഴ്ച വൈകുന്നേരം 5ന് തിരുവനന്തപുരം നഗരസഭ മേയർ വി.വി.രാജേഷ് പതാക ഉയർത്തും. തുടർന്ന് ഡെപ്യൂട്ടി മേയർ ആശാ നാഥ് വയലാർ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യും. റിഗാറ്റ നാട്യ സംഗീത കേന്ദ്രം അവതരിപ്പിക്കുന്ന 'ചന്ദ്രകളഭം' നൃത്താവിഷ്കാരം സൂര്യ കൃഷ്ണമൂർത്തിക്ക് സമർപ്പിക്കും. 5.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ, ശ്രീറാം,സിന്ധു പ്രതാപ് തുടങ്ങിയവർ നയിക്കുന്ന ഗാനമേള നടക്കും.

മൂന്നാം ദിവസം വെള്ളിയാഴ്ച വൈകുന്നേരം 3ന് എം.ജി. ശ്രീകുമാറിന്റെ എം.ജി. മ്യൂസിക് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വയലാർ ഗാനാർച്ചന. 5.30-ന് നടക്കുന്ന വനിതാ സാംസ്‌കാരിക സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വയലാർ എസ്.ജാനകി പുരസ്കാരം പിന്നണി ഗായിക ദലീമയ്ക്ക് സമ്മാനിക്കും. പിന്നണി ഗായിക റീന മുരളി,നർത്തകി റിഗാറ്റ ഗിരിജാ ചന്ദ്രൻ എന്നിവരെ ആദരിക്കും. ബൈജു കുട്ടപ്പന് ('ഒറ്റപ്പൂരാടൻ') വയലാർ രാമവർമ്മ ബാലസാഹിത്യ പുരസ്കാരം സമ്മാനിക്കും. തുടർന്ന് എസ്. ജാനകിക്ക് ആദരവർപ്പിച്ചുകൊണ്ട് ദലീമ, റീന മുരളി,ജോസ് സാഗർ എന്നിവരുടെ ഗാനമേള നടക്കും.

നാലാം ദിവസം ശനിയാഴ്ച വൈകുന്നേരം 5.30-ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാർ രാമവർമ്മ സാമൂഹിക സാഹിത്യ പുരസ്കാരം പ്രതീക്ഷ സ്വാമിക്ക് ('പ്രതീക്ഷ') സമർപ്പിക്കും. തുടർന്ന് മണക്കാട് ഗോപൻ,പ്രമീള,കാർത്തിക് കൃഷ്ണ,ഗൗരി ഗോപൻ എന്നിവരുടെ ഗാനമേള.

അഞ്ചാം ദിവസം ഞായറാഴ്ച വൈകുന്നേരം 5.30-ന് മയൂര സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്താവിഷ്കാരം. 6 മണിക്ക് സാഹിത്യകാരൻ ജോർജ് ഓണക്കൂർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാർ രാമവർമ്മ നവ സാഹിത്യ പുരസ്കാരം ലീനാ രാമചന്ദ്രൻ സുഭദ്രയ്ക്ക് ('കണ്ണാടിക്കടൽ') സമ്മാനിക്കും. തുടർന്ന് സുദീപ് കുമാർ,സരിത രാജീവ്,രശ്മി രംഗൻ എന്നിവർ നയിക്കുന്ന 'താമരപ്പൂക്കളും ഞാനും' ഗാനമേള.

ആറാം ദിവസം തിങ്കളാഴ്ച വൈകുന്നേരം 5.30-ന് മന്ത്രി ഷിബു ബേബി ജോൺ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാർ ബാലഭാസ്കർ പുരസ്കാരം പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തലയ്ക്ക് നൽകും; അനിൽ ഗോവിന്ദനെ ആദരിക്കും. തുടർന്ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ ഫ്യൂഷൻ അരങ്ങേറും. ആതിര സതീഷിന് ('കുന്നിമണിച്ചെപ്പ്') കഥാസാഹിത്യ പുരസ്കാരവും ഉണ്ണി ഭാസുരി ഗുരുവായൂരിന് ('കാല്പനിക സമയത്തെ വിഴുങ്ങിയ ഗ്രാമം') മിസ്റ്റിക് സാഹിത്യ പുരസ്കാരവും സമ്മാനിക്കും.

സമാപന ദിവസം ചൊവ്വാഴ്ച രാവിലെ 8ന് വെള്ളയമ്പലത്തെ വയലാർ പ്രതിമയിൽ പ്രമുഖരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് വയലാർ സംഗീത പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച പിന്നണിഗായകൻ മധു ബാലകൃഷ്ണൻ, മികച്ച സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ, മികച്ച ഗാനരചയിതാവ് പി.സി.അരവിന്ദൻ,പ്രവാസ സാഹിത്യ പുരസ്കാരം നേടിയ ഷമീല ഷൗക്കത്ത് ('നിലയെഴാ പ്രവാസം') എന്നിവർ പുരസ്കാരങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും.

തുടർന്ന് രാത്രി 7 മണിക്ക് മധു ബാലകൃഷ്ണൻ,അഖില ആനന്ദ്,തേക്കടി രാജൻ,രഞ്ജിനി സുധീരൻ എന്നിവർ നയിക്കുന്ന ഗാനമേളയോടെ ഉത്സവം സമാപിക്കും.