ന്യൂദല്‍ഹി: ഇത്തവണ ഉത്തരേന്ത്യയില്‍ നിന്നടക്കം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വനിവൈഷണവ് ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടാന്‍ തീരുമാനിച്ചെന്നും വ്യക്തമാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനിവൈഷ്ണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ.കൃഷ്ണദാസ്.
ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഡല്‍ഹി, മുംബൈ, ഗോവ, ഇന്‍ഡോര്‍, ജയ്പൂര്‍, വിശാഖപട്ടണം, ഹുബ്ലി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും പ്രധാന സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പുനല്‍കി. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. തീര്‍ത്ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താന്‍ സതേണ്‍ റെയില്‍വേയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിക്കൊണ്ട് ഉത്തരവിറങ്ങും. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടണമെന്നതും അംഗീകരിച്ചിട്ടുണ്ട്.കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന പാസഞ്ചര്‍,മെമു ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടുന്നതും പരിഗണനയിലാണ്. ഹ്രസ്വദൂര യാത്രാ ദുരിതം പരിഹരിക്കാന്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് മൂന്ന് വീതം പുതിയ മെമു ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.
ഗുരുവായൂര്‍-തിരുനാവായ പാതയ്ക്ക് പണം തടസ്സമല്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍മതിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍ 3, 4 വരി റെയില്‍പ്പാതകള്‍ക്ക് ഡിപിആറും അലൈന്‍മെന്റും തയാറായിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ നിക്ഷേപം നടത്താന്‍ റെയില്‍വേ തയ്യാറാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണമാണ് പ്രധാന തടസ്സമെന്നും പി.കെ.കൃഷണദാസ് കുറ്റപ്പെടുത്തി. 59 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കാനുള്ള മുഴുവന്‍ തുകയും റെയില്‍വേ വഹിക്കാമെന്ന് അറിയിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നല്‍കാനോ ഡിപിആര്‍ തയാറാക്കാനോ സംസ്ഥാനം തയാറാകുന്നില്ല. കേന്ദ്ര മന്ത്രി പലതവണ കത്തയച്ചിട്ടും സംസ്ഥാന ഭരണകൂടം മറുപടി പോലും നല്‍കിയിട്ടില്ല. അങ്കമാലി - എരുമേലി ശബരി പാതയുടെ കാര്യത്തിലും ഇതേ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അടിയന്തരമായി നടപ്പാക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ആവശ്യങ്ങള്‍ അടങ്ങിയ സമഗ്ര നിവേദനവും കേന്ദ്ര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.