കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 24 ശനിയാഴ്ച മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്ഫോം വഴി പ്രത്യേക ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.

ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ ഒരു മണിക്കൂർ നീണ്ടുനിൽക്കും. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകൾ നടത്തുക.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുപുറമേ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക വിദ്യാഭ്യാസ വിഭാഗങ്ങൾക്ക് കീഴിലുള്ള സ്കൂളുകൾക്കും നിർദേശം ബാധകമാണ്.

വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഹമദ് അൽ ഹമദാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് ഔദ്യോഗിക നിർദേശം നൽകിയത്.

ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് ഓൺലൈൻ പഠനരീതികളിൽ പരിശീലനം നൽകുന്നതിനുമാണ് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസുകളിലെ പങ്കാളിത്തത്തിനും സജീവ ഇടപെടലുകൾക്കും വിദ്യാർഥികളുടെ തുടർച്ചയായ മൂല്യനിർണയത്തിന്റെ ഭാഗമായി മാർക്ക് നൽകാനും നിർദേശമുണ്ട്.

മൈക്രോസോഫ്റ്റ് ടീംസ് വഴി അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ട് ആശയവിനിമയം നടത്താനും പഠനസാമഗ്രികൾ പങ്കുവെക്കാനും ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സാധിക്കും.

വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പഠനപരിചയം മെച്ചപ്പെടുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ നടപടി.