ദോഹ: രാജ്യസുരക്ഷ എന്നത് പരമ്പരാഗത കുറ്റകൃത്യങ്ങളും ആക്രമണങ്ങളും തടയുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ജനങ്ങൾ, സമ്പദ്വ്യവസ്ഥ, അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയുടെ സംരക്ഷണവും അതിന്റെ ഭാഗമാണെന്നും ഖത്തർ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി വ്യക്തമാക്കി.
ദോഹയിൽ നടന്ന എട്ടാമത് ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ ഉദ്ഘാടനദിനത്തിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രിയും ലെഖ്വിയ ആഭ്യന്തര സുരക്ഷാസേനയുടെ കമാൻഡറുമായ അദ്ദേഹം.
ആക്രമണങ്ങൾ നടന്നശേഷം പ്രതികരിക്കുന്ന രീതിക്കുപകരം അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന് സുരക്ഷാസംവിധാനങ്ങൾ പ്രാധാന്യം നൽകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിലും പൊതുസേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ കഴിയുന്ന രീതിയിൽ രാജ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ സുരക്ഷ, സാമ്പത്തിക സുരക്ഷ, അടിസ്ഥാനസൗകര്യങ്ങളുടെ തുടർച്ചയായ പ്രവർത്തനം, അന്താരാഷ്ട്ര സുരക്ഷാ സഹകരണം എന്നിവയുടെ പ്രാധാന്യവും സമ്മേളനത്തിൽ വിശദീകരിച്ചു.