മുംബൈ: നടൻ ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ വ്ലോഗർ ഉമേഷ് ചൗഹാൻ, സംഭവസമയത്ത് ഹൃദയാഘാതമാണെന്നാണ് ആദ്യം കരുതിയതെന്ന് റിപ്പോർട്ട്. മുംബൈയിലെ ജൂഹുവിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ ഉമേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
35 വയസ്സുകാരനായ ഉമേഷ് ഉപജീവനത്തിനായി ഡിറ്റർജന്റ് വിൽപ്പന നടത്തുന്നതിനൊപ്പം ബോളിവുഡ് താരങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ടൈഗർ ഷ്രോഫിന്റെ വീഡിയോ ചിത്രീകരിക്കാനായി എത്തിയപ്പോഴാണ് വെടിവെപ്പിൽ പരിക്കേറ്റത്.
വെടിയേറ്റതിനെ തുടർന്ന് ഉമേഷിന്റെ കരളിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മുംബൈയിലെ കെഇഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ സ്ഥിരമാണെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള വിവരം. ശസ്ത്രക്രിയയ്ക്ക് പകരം മരുന്നും നിരീക്ഷണവും തുടരുകയാണ്.
ഉമേഷിന്റെ ഭാര്യ എട്ട് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയിലായ കുടുംബം അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി കാത്തിരിക്കുകയാണ്.
വെടിവെപ്പിൽ ടൈഗർ ഷ്രോഫിന്റെ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.