ഇടുക്കി: വാഗമണിലെ നാച്ചുറൽ ഇൻഫിനിറ്റി പൂളിന് സമീപം ഏകദേശം 800 അടി താഴ്ചയുള്ള കൊക്കയിൽ വീണ ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അപകടത്തിൽ ഡോക്ടറുടെ കാലിന് ഗുരുതരമായി പൊട്ടലേറ്റു.
ഉത്തർപ്രദേശിലെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇ.എൻ.ടി. സർജനായി ജോലി ചെയ്യുന്ന 28കാരനായ ഡോ. സുഖിയ ജെയിനാണ് അപകടത്തിൽപ്പെട്ടത്. നാല് സുഹൃത്തുക്കൾക്കൊപ്പം വാഗമണിലെത്തിയതായിരുന്നു അദ്ദേഹം.
വാഗമണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള നാച്ചുറൽ ഇൻഫിനിറ്റി പൂളിലേക്ക് കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ പാതയിലൂടെ ഇറങ്ങുന്നതിനിടെയാണ് ഡോക്ടർ വഴുതി കൊക്കയിലേക്ക് വീണത്. കാലിന് ഗുരുതരമായി പരിക്കേറ്റതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
വിവരം ലഭിച്ചതിനെ തുടർന്ന് പീരുമേട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ കൊക്കയിൽ നിന്ന് മുകളിലെത്തിച്ചു.
തുടർന്ന് ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഡോക്ടറെ ചുമന്നുകൊണ്ടാണ് വാഗമണിലെത്തിച്ചത്. അവിടെനിന്ന് 108 ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.
Image credit: manorama