തിരുവനന്തപുരം: വിഴിഞ്ഞം തീരത്തിന് സമീപം കടലിൽ ഉണ്ടായിരുന്ന എണ്ണക്കപ്പലിലെ ജീവനക്കാരനെ കടുത്ത ആരോഗ്യപ്രശ്നത്തെ തുടർന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ജീവനക്കാരനെ കരയിലെത്തിച്ചത്.

ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം കുളച്ചലിന് സമീപം സഞ്ചരിച്ചിരുന്ന ഇക്വറ്റോറിയൽ ഗിനിയയുടെ പതാകയുള്ള 'നെക്സോർ' എന്ന കപ്പലിലെ ജൂനിയർ എൻജിനീയറായ അൻസാരി മുഹമ്മദ് ബാരിസിനാണ് കടുത്ത വയറുവേദനയും മൂത്രത്തിൽ രക്തം കാണുന്ന അവസ്ഥയും അനുഭവപ്പെട്ടത്. തുടർന്ന് കപ്പൽ അധികൃതർ അടിയന്തര സഹായം തേടുകയായിരുന്നു.

മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ച സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പലും മാരിടൈം ബോർഡ് ടഗ്ഗും സ്ഥലത്തെത്തി ജീവനക്കാരനെ കപ്പലിൽ നിന്ന് സുരക്ഷിതമായി മാറ്റി.

തുടർന്ന് കോസ്റ്റ് ഗാർഡ് ജെട്ടിയിലെത്തിച്ച ജീവനക്കാരനെ ഡോക്ടർ പരിശോധിക്കുകയും ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചൈനയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പൽ.