ലണ്ടൻ: ഗുരുതരമായ അലർജി ബാധിക്കുന്ന കുട്ടികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി ബ്രിട്ടനിലെ സ്കൂളുകളിൽ അഡ്രിനലിൻ നേസൽ സ്പ്രേ സൂക്ഷിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച് മരുന്ന് നിയന്ത്രണ ഏജൻസി പൊതുജനാഭിപ്രായം തേടി.
മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (MHRA) ഒക്ടോബർ 19നാണ് പുതിയ നിർദേശം സംബന്ധിച്ച കൺസൾട്ടേഷൻ ആരംഭിച്ചത്.
യുകെയിലെ കുട്ടികളിലും കൗമാരക്കാരിലും ഏകദേശം എട്ട് ശതമാനം പേർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട അലർജിയുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. ഗുരുതരമായ അലർജി പ്രതികരണമായ അനാഫിലാക്സിസ് ഉണ്ടാകുമ്പോൾ അടിയന്തരമായി അഡ്രിനലിൻ നൽകേണ്ട സാഹചര്യമുണ്ട്.
ഗുരുതര ഭക്ഷണ അലർജി പ്രതികരണങ്ങളിൽ ഏകദേശം 20 ശതമാനവും സ്കൂൾ സാഹചര്യങ്ങളിലാണ് സംഭവിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ അടിയന്തര ഉപയോഗത്തിനായി അഡ്രിനലിൻ ഓട്ടോ ഇൻജക്ടറുകൾ സൂക്ഷിക്കാൻ നിലവിൽ അനുമതിയുണ്ട്. നേസൽ സ്പ്രേയും ഇതേ രീതിയിൽ ലഭ്യമാക്കാനാണ് പുതിയ നിർദേശം.
നിർദേശം അംഗീകരിച്ചാൽ അടിയന്തര ചികിത്സാ സൗകര്യങ്ങളിൽ സ്കൂളുകൾക്ക് മറ്റൊരു മാർഗം കൂടി ലഭിക്കും.