ന്യൂഡൽഹി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തിനും സീറ്റ് വിഭജന ചർച്ചകൾക്കും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രിയങ്ക നിർണായക പങ്കുവഹിക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സഖ്യചർച്ചകൾക്ക് മുന്നോടിയായി തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുമായി മൂന്ന് മണിക്കൂറോളം നീണ്ട യോഗം നടത്തി. ഏകദേശം 175 നിയമസഭാ മണ്ഡലങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നതായാണ് റിപ്പോർട്ട്.
കോൺഗ്രസ് ഏകദേശം 100 മണ്ഡലങ്ങളെ എ വിഭാഗമായും 40–50 മണ്ഡലങ്ങളെ ബി വിഭാഗമായും 25–35 മണ്ഡലങ്ങളെ സി വിഭാഗമായും തിരിച്ചുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ ആഴ്ച വീണ്ടും യോഗം ചേരും. തുടർന്ന് 125 മുതൽ 150 വരെ സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പട്ടിക സമാജ്വാദി പാർട്ടിക്ക് കൈമാറാനാണ് കോൺഗ്രസിന്റെ നീക്കം. നവംബറോടെ സീറ്റ് വിഭജന ധാരണയിലെത്തുകയാണ് ലക്ഷ്യം.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട കോൺഗ്രസ് മത്സരിച്ച 17 സീറ്റുകളിൽ ആറ് സീറ്റുകൾ വിജയിച്ചു. ഈ മുന്നേറ്റം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
അതേസമയം, കോൺഗ്രസിന് 60–65 സീറ്റുകളിൽ കൂടുതൽ നൽകാൻ സമാജ്വാദി പാർട്ടി താൽപ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. വിജയസാധ്യതയ്ക്കായിരിക്കും സീറ്റ് വിഭജനത്തിൽ പ്രധാന പരിഗണനയെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 350 സീറ്റുകളിൽ മത്സരിക്കാനാണ് സമാജ്വാദി പാർട്ടിയുടെ നീക്കം. സഖ്യത്തിന്റെ അന്തിമ രൂപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അംഗീകാരത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.