രാഹുൽ ഹമ്പിൾ സനൽ

​ഷിമോഗ: ഡിജിറ്റൽ യുഗത്തിന്റെ കുതിച്ചുചാട്ടത്തിനിടയിലും ഭാരതത്തിന്റെ പ്രാചീന ഭാഷയായ സംസ്‌കൃതത്തെ തങ്ങളുടെ ദൈനംദിന ആശയവിനിമയ ഭാഷയായി നിലനിർത്തി ലോകശ്രദ്ധ നേടുകയാണ് കർണാടകയിലെ മത്തൂർ ഗ്രാമം.

ഷിമോഗ ജില്ലയിൽ തുങ്കാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമത്തിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സംസ്‌കൃതത്തിലാണ് സംസാരിക്കുന്നത്.

കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും വഴി ചോദിക്കുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമെല്ലാം ഗ്രാമവാസികൾ സംസ്‌കൃത പദങ്ങളാണ് ഉപയോഗിക്കുന്നത്.

നിത്യജീവിതത്തിൽ പൂർണ്ണമായും സംസ്‌കൃതം ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ അപൂർവം ഗ്രാമങ്ങളിലൊന്നായാണ് മത്തൂർ അറിയപ്പെടുന്നത്.

​പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കന്നഡയും സങ്കേതി ഭാഷയുമായിരുന്നു ഇവിടെ പ്രധാനം. എന്നാൽ 1980-കളിൽ ആരംഭിച്ച ബോധവൽക്കരണത്തിന്റെയും പരിശീലന പരിപാടികളുടെയും ഫലമായി ഗ്രാമവാസികൾ തങ്ങളുടെ പൊതുഭാഷയായി സംസ്‌കൃതത്തെ സ്വീകരിക്കുകയായിരുന്നു. ദിവസവും വെറും രണ്ട് മണിക്കൂർ വീതം പരിശീലിച്ചാണ് കുട്ടികളും പ്രായമായവരുമടക്കം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഈ ഭാഷയിൽ അനായാസമായി സംസാരിക്കാൻ തുടങ്ങിയത്.

​ഇന്നത്തെ തലമുറയിലെ കുട്ടികൾ സ്‌കൂളുകളിൽ പഠിക്കുന്നതോടൊപ്പം തന്നെ വീട്ടിലും നാട്ടിലും സംസ്‌കൃതത്തിൽ തന്നെയാണ് സംസാരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഭാഷാ സ്‌നേഹികളും ഗവേഷകരും സംസ്‌കൃത പഠനത്തിനും ഈ ഗ്രാമത്തിലെ സംസ്കാരം അനുഭവച്ചറിയുന്നതിനുമായി പ്രതിവർഷം ഇവിടെയെത്താറുണ്ട്.

സംസ്‌കൃത ഭാഷ ചരിത്രത്തിന്റെ താളുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, അതൊരു സജീവ സമ്പർക്ക മാധ്യമമായി നിലനിർത്താൻ കഴിയുമെന്നും ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ ഗ്രാമം.