എം.എസ്.സനിൽകുമാർ
തിരുവനന്തപുരം: ആദ്യം ബിഗ് ടി.വി, പിന്നാലെ ദേശാഭിമാനി. കേരളത്തിലെ കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചെന്ന സ്തോഭജനകമായ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.ഇടതുപക്ഷ ബന്ധമുള്ള ഒരു മാധ്യമപ്രവർത്തകയാണ് ബിഗ്ടി വി യിൽ ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ ദേശാഭിമാനിയും ഏറ്റുപിടിച്ചു. എസ്.എം.എ രോഗികളായ കുട്ടികൾക്ക് നൽകുന്ന റിസ് ഡിപ്ലാം എന്ന മരുന്നിന്റെ ജനറിക് രൂപം ഉപയോഗിക്കാൻ തീരുമാനിച്ചതാണ് ബിഗ് ടിവിയേയും ദേശാഭിമാനിയേയും പ്രകോപിപ്പിച്ചത്. നാറ്റ്കോ എന്ന കമ്പനിയാണ് ജനറിക്ക് മരുന്നിന്റെ ഉത്പാദകർ . ചെലവേറിയ കാൻസർ മരുന്നുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നു കൾ ചെലവ് കുറച്ച് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കമ്പനിയാണ് നാറ്റ്കോ. നാറ്റ് കോയേ തകർക്കുക എന്നത് ബഹുരാഷ്ട്ര മരുന്ന് ഭീമന്മാരുടെ ദീർഘ നാളത്തെ ലക്ഷ്യവുമാണ്. റിസ്ഡിപ്ലാമിന്റെ ജനറിക് രൂപം നാറ്റ് കോ കുറഞ്ഞ ചെലവിൽ വിപണിയിലെത്തിക്കുന്നത് ഈ മരുന്നിന്റെ ഉത്പാദകരായ ബഹുരാഷ്ട്ര ഭീമന് താങ്ങാനാവുന്നതല്ല. ഇപ്പോഴത്തെ ഈ വാർത്തയ്ക്ക് പിന്നിലെ ഈ താൽപര്യം കൂടി കണക്കാക്കേണ്ടിയിരിക്കുന്നു.
ഡോക്ടർ കെ.പി. അരവിന്ദൻ എഴുതിയത് വായിക്കുക:
"ദേശാഭിമാനിയിൽ വന്ന ഈ ഫ്രണ്ട് പേജ് വാർത്ത വലിയ ചിത്രം കാണാതെയുള്ളതാണ് (Missing the big picture). ദീർഘകാലം ഇടതുപക്ഷം പോരാടിയിരുന്ന പേറ്റൻ്റ് യുദ്ധത്തിൽ ബഹുരാഷ്ട്ര പേറ്റൻ്റ് കുത്തകക്കാർക്കെതിരെ വിജയങ്ങൾ കണ്ട, വൻ തോതിൽ പുത്തൻ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കിയ, ഇന്ത്യൻ കമ്പനിയെ താറടിച്ചുകൊണ്ടാവരുതായിരുന്നു. ഇതുകൊണ്ടുള്ള ലാഭം 2035 വരെയുള്ള പേറ്റൻ്റ് കൈവശം വെച്ചിരിക്കുന്ന ബഹുരാഷ്ട്ര ഭീമന് മാത്രമാണ്.
ഇതിനെ "കുട്ടികളിലെ മരുന്നു പരീക്ഷണം" എന്നൊക്കെ വിളിക്കുന്നത് ബിഗ് ടിവി പോലുള്ള സെൻസേഷനലിസം ഉന്നം വെക്കുന്നവരുടെ സ്റ്റൈൽ ആയിപ്പോയി. ഇതുവഴി ജനറിക് ഔഷധങ്ങളെ ആകെ ആക്ഷേപിക്കുന്ന കുത്തകകളുടേയും ചില ഡോക്ടർമാരുടേയും വാദങ്ങൾ ശരിവെക്കുകയാണ്. ബയോഎക്വിവാലൻസ് എന്നതിന് മൂന്ന് ഘടകങ്ങൾ ഉണ്ട്. ഒന്ന്, നൽകുന്ന ഫോർമുലേഷനിൽ ഔഷധം വേണ്ടത്രയുണ്ടോ എന്ന് പരിശോധിക്കൽ, രണ്ട്, മരുന്ന് വേണ്ടത്ര ശരീരത്തിലേക്ക് ആഗിരണം ചെയ്യ്പ്പെടുന്നുണ്ടോ എന്ന് നോക്കുന്നത്. മൂന്നാമത്തേത് അത് നൽകുക വഴി രോഗികൾക്ക് ഉദ്ദേശിച്ച തരത്തിൽ ആശ്വാസം ലഭിക്കുന്നുണ്ടോ എന്നത്. ആദ്യത്തെ രണ്ടും പ്രാഥമിക പഠനങ്ങളാണ്. ഇതില്ലാതെ ഡ്രഗ് കണ്ട്രോളറുടെ അനുമതി ലഭിക്കില്ല. മാത്രമല്ല, റിസ്ഡിപ്ലാം (Risdiplam) എന്ന ഈ മരുന്നിൻ്റെ ജനറിക് രൂപം ഉപയോഗിക്കാനുള്ള തടസ്സങ്ങൾ സുപ്രീം കോടതി വരെയുള്ള നിയമയുദ്ധങ്ങൾ കഴിഞ്ഞ് നേടിയെടുത്തതാണ്. രോഗികളിലെ ക്ളിനിക്കൽ എഫ്ഫക്ട് രോഗികളിൽ പ്രയോഗിച്ചു കഴിഞ്ഞാലേ മനസ്സിലാവൂ. അത് മുൻപേ കഴിഞ്ഞോ അതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണോ എന്നറിയില്ല. രണ്ടായാലും അതിനെ 'കുട്ടികളിലെ പരീക്ഷണം' എന്നൊക്കെ ലേബൽ ചെയ്യുന്നത് ദുരുപദിഷ്ടവും അനുചിതവുമാണ്.
ആരോപണം നേരിടുന്ന NATCO എന്ന കമ്പനിയെ പറ്റി.
ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും ചെലവേറിയ കാൻസർ ചികിത്സകൾ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യൻ ഔഷധനിർമാണ കമ്പനിയാണ് NATCO Pharma. ക്രോണിക് മൈലോയ്ഡ് ല്യൂക്കീമിയയ്ക്ക് ഇമാറ്റിനിബ് (Veenat), മൾട്ടിപ്പിൾ മൈലോമയ്ക്ക് ലെനാലിഡോമൈഡ് (Lenalid), ബോർട്ടെസോമിബ് (Bortenat), ചിലതരം ശ്വാസകോശ കാൻസറുകൾക്ക് എർലോട്ടിനിബ് (Erlonat), ഗെഫിറ്റിനിബ് (Gefinat), കരൾ ഉൾപ്പെടെയുള്ള ചില കാൻസറുകൾക്ക് സോറാഫെനിബ് (Sorafenat) എന്നിവ കമ്പനിയുടെ പ്രധാന മരുന്നുകളിൽ ഉൾപ്പെടുന്നു. കൂടാതെ കാപെസിറ്റാബിൻ, ടെമോസോളോമൈഡ്, പെമെട്രെക്സഡ് തുടങ്ങിയ ജനറിക് മരുന്നുകളും NATCOയുടെ ഉൽപ്പന്നശ്രേണിയിലുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ലെനാലിഡോമൈഡ്, പോമാലിഡോമൈഡ്, അസാസിറ്റിഡിൻ, എവെറോളിമസ്, ലിപ്പോസോമൽ ഡോക്സോറൂബിസിൻ തുടങ്ങിയ മരുന്നുകളും കമ്പനി വികസിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. കാൻസർ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിൽ NATCOയുടെ പങ്ക് വ്യക്തമാക്കുന്ന പ്രധാന സംഭവമാണ് 2012-ൽ ജനറിക് സോറാഫെനിബിനായി നേടിയ നിർബന്ധിത ലൈസൻസ് (Compulsory Licence). ബേയർ കമ്പനിയുടെ വിലകൂടിയ Nexavar എന്ന മരുന്നിന്റെ പേറ്റന്റ് അവകാശത്തെ ചോദ്യം ചെയ്ത ഈ നടപടി, ഇന്ത്യയിൽ അവശ്യ മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നാഴികക്കല്ലായി. താങ്ങാനാവുന്ന വിലയിലുള്ള ജനറിക് മരുന്നുകളും സങ്കീർണമായ ഔഷധരൂപങ്ങളും വികസിപ്പിക്കുന്നതിലൂടെ പ്രധാനപ്പെട്ട കാൻസർ ചികിത്സകൾ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാൻ NATCO സംഭാവന നൽകിയിട്ടുണ്ട്."
ഇനി ഇടതുപക്ഷ സഹയാത്രികനായ ആരോഗ്യ വിദഗ്ധൻ ഡോ.ബി.ഇക്ബാൽ എഴുതിയത് വായിക്കുക.
എസ്.എം.എ. രോഗികളുടെ ചികിത്സ: ആരോഗ്യവകുപ്പ് തീരുമാനം സ്വാഗതാർഹം
സ്പൈനൽ മസ്കുലർ അട്രോഫി (Spinal Muscular Atrophy – SMA) പേശികളെ ക്രമേണ ദുർബലമാക്കുകയും ചലനശേഷിയെയും ശ്വസനശേഷിയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന ജീവന് ഭീഷണിയായ ഒരു അപൂർവ ജനിതക രോഗമാണ്. രോഗം പൂർണമായി ഭേദമാക്കാൻ ഇന്നും ചികിത്സയില്ലെങ്കിലും, രോഗത്തിന്റെ പുരോഗതി ഗണ്യമായി മന്ദഗതിയിലാക്കാൻ സഹായിക്കുന്ന റിസ്ഡിപ്ലാം (Risdiplam) എന്ന മരുന്ന് ഇന്ന് ലഭ്യമാണ്. ഈ മരുന്ന് സമയബന്ധിതമായി ലഭിക്കുന്നത് രോഗികളുടെ ജീവിതനിലവാരവും ആയുസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്. ഈ പശ്ചാത്തലത്തിൽ, എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി നാറ്റ്കോ (Natco) എന്ന ഇന്ത്യൻ കമ്പനിയുടെ കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത് തികച്ചും സ്വാഗതാർഹവും മാതൃകാപരവുമായ നടപടിയാണ്. എന്നാൽ, ഈ തീരുമാനത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ചില മാധ്യമങ്ങളും തൽപ്പരകക്ഷികളും പ്രചരിപ്പിച്ചുവരുന്നത്.
ചികിത്സാവകാശത്തിലേക്കുള്ള പോരാട്ടവും വിപണിയിലെ യാഥാർത്ഥ്യങ്ങളും
മരുന്നുകളുടെ അമിതവിലയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ചരിത്രപരമായ നിരവധി മുൻ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. 2012-ൽ കാൻസർ ചികിത്സയ്ക്കുള്ള സൊറാഫെനിബ് (Nexavar) മരുന്നിന്റെ കാര്യത്തിൽ നാറ്റ്കോയ്ക്ക് അന്നത്തെ പേറ്റൻ്റ് കൺ ട്രോളറായിരുന്നു അടുത്തകാലത്ത് അന്തരിച്ച് ശ്രീ പി എച്ച് കുര്യൻ 2013 ൽ നിർബന്ധിത ലൈസൻസ് അനുവദിച്ചതോടെ ലക്ഷങ്ങൾ വിലയുണ്ടായിരുന്ന മരുന്ന് നാലായിരം രൂപയ്ക്ക് ലഭ്യമായത് ഇതിന് മികച്ച ഉദാഹരണമാണ്. ജർമ്മൻ കമ്പനിയായ ബേയർ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയ്ക്ക് വിറ്റിരുന്ന ഈ മരുന്നിന്റെ ജനറിക് പതിപ്പ് കേവലം 8,800 രൂപയ്ക്ക് മാർക്കറ്റ് ചെയ്ത് നാറ്റ്കോ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ എസ്.എം.എ. ചികിത്സയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് ഉള്ളത്. റോഷ് (Roche) കമ്പനിയുടെ ബ്രാൻഡഡ് മരുന്നായ 'Evrysdi' (Risdiplam) ന്റെ വില ഒരു കുപ്പിക്ക് ഏകദേശം 6.2 ലക്ഷം രൂപയാണ്. എന്നാൽ നാറ്റ്കോയുടെ ജനറിക് പതിപ്പിന്റെ വില ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ്. ഒരു കുപ്പി സാധാരണയായി 12 ദിവസത്തേക്കാണ് മതിയാകുക എന്നതിനാൽ, നാറ്റ്കോ മരുന്നിന്റെ പ്രതിമാസ ചെലവ് ഏകദേശം 30,000 രൂപയായി വരുന്നു. (രോഗിയുടെ പ്രായം, ഡോസ്, ഉപയോഗിക്കുന്ന അളവ് എന്നിവയനുസരിച്ച് യഥാർഥ ചെലവിൽ വ്യത്യാസമുണ്ടാകാം). ബ്രാൻഡഡ് മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ ജനറിക് മരുന്നിന് ഏകദേശം 97 ശതമാനത്തോളം വിലക്കുറവാണ് ഉള്ളത്.
നാറ്റ്കോ റിസ്ഡിപ്ലാമിന്റെ ജനറിക് പതിപ്പ്
വിപണിയിലെത്തിക്കുന്നതിനെതിരെ റോഷ് കമ്പനി ഡൽഹി ഹൈക്കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചിരുന്നെങ്കിലും, 2025 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജനറിക് മരുന്ന് ഉൽപ്പാദിപ്പിക്കാൻ അനുവദിച്ച് വിധിപ്രസ്താവിച്ചു. തുടർന്ന് നാറ്റ്കോയ്ക്ക് ജനറിക് റിസ്ഡിപ്ലാം വിപണിയിലെത്തിക്കാൻ സാധിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഈ വിധി രോഗികളുടെ ചികിത്സാവകാശത്തിനും മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കണമെന്ന പൊതുജനാരോഗ്യ തത്വത്തിനും ലഭിച്ച ഒരു ചരിത്രവിജയമായിരുന്നു.
അടിസ്ഥാനരഹിതമായ വാദങ്ങളും യാഥാർത്ഥ്യവും
ജനറിക് മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും 'ബയോഅവെയ്ലബിലിറ്റി' (Bioavailability) ഇല്ലെന്ന തരത്തിലും ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികച്ചും ശാസ്ത്രീയമല്ലാത്തതും അടിസ്ഥാനരഹിതവുമാണ്. നാം കഴിക്കുന്ന ഒരു മരുന്ന് ദഹനവ്യവസ്ഥയിലൂടെ രക്തയോട്ടത്തിലേക്ക് (Systemic Circulation) എത്തിച്ചേരുന്നതിന്റെ വേഗതയെയും അളവിനെയും ആണ് ബയോഅവെയ്ലബിലിറ്റി എന്ന് വിളിക്കുന്നത്. നാറ്റ്കോ പോലുള്ള അംഗീകൃത കമ്പനികൾ ജനറിക് മരുന്ന് ഇറക്കുമ്പോൾ, അത് ബ്രാൻഡഡ് മരുന്നിന് സമാനമായ രീതിയിൽ തന്നെ രക്തത്തിൽ കലരുന്നുണ്ടെന്ന് (Bioequivalent) ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കർശനമായ ബയോഇക്വലൻസ് പരിശോധനകൾ (Bioequivalence studies) വിജയിച്ചാൽ മാത്രമേ ഏതൊരു ജനറിക് മരുന്നിനും വിപണിയിൽ അനുമതി ലഭിക്കൂ.
ഇന്ത്യൻ മരുന്ന് നിയന്ത്രണ അതോറിറ്റിയായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരത്തോടെയാണ് ഈ മരുന്ന് വിപണിയിലെത്തിയത്. ലോകത്തിന്റെ വിവിധ നിയന്ത്രിത വിപണികളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന ഉയർന്ന വിശ്വാസ്യതയുള്ള ഔഷധ നിർമ്മാണ കമ്പനിയാണ് നാറ്റ്കോ. ബ്രാൻഡഡ് മരുന്ന് നൽകുന്ന അതേ ഫലവും സുരക്ഷിതത്വവും ജനറിക് മരുന്നും നൽകുന്നുണ്ടെന്ന് ഈ ശാസ്ത്രീയ പരിശോധനകൾ പൂർണ്ണമായി ഉറപ്പുനൽകുന്നുണ്ട്. ചുരുക്കത്തിൽ, ഉയർന്ന വിലകൂടിയ മരുന്നുകളുടെ കുത്തക നിലനിർത്താൻ തൽപ്പരകക്ഷികൾ മെനഞ്ഞെടുക്കുന്ന വ്യാജ പ്രചാരണങ്ങൾ മാത്രമാണിത്.
പൊതുജനാരോഗ്യവും സാമൂഹ്യനീതിയും
ഇന്ന് നമ്മുടെ മുന്നിലുള്ള ചോദ്യം ബ്രാൻഡ് മരുന്നും ജനറിക് മരുന്നും തമ്മിലുള്ള കേവലമായ ഒരു തിരഞ്ഞെടുപ്പല്ല. പരിമിതമായ പൊതുധനം ഉപയോഗിച്ച് കൂടുതൽ രോഗികളെ ചികിത്സിക്കണോ, അതോ വളരെ കുറച്ച് രോഗികൾക്ക് മാത്രം അമിതവില നൽകി ചികിത്സ നൽകി മറ്റ് പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കണോ എന്ന നിർണായകമായ പൊതുജനാരോഗ്യ നയത്തിന്റെ ചോദ്യമാണിത്.
ഡൽഹി ഹൈക്കോടതി വിധിയുടെ യഥാർത്ഥ പ്രയോജനം രോഗികളിലേക്ക് എത്തണമെങ്കിൽ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിലേക്ക് മാറേണ്ടതുണ്ടെന്ന് ജനകീയാരോഗ്യ പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരിന്റെ പൊതുധനം ലാഭിക്കുന്നതിനുള്ള ഒരു സാമ്പത്തിക തീരുമാനം മാത്രമല്ല; അതേ തുക ഉപയോഗിച്ച് കൂടുതൽ എസ്.എം.എ. രോഗികൾക്ക് ജീവൻ രക്ഷിക്കുന്ന ചികിത്സ ഉറപ്പാക്കാനുള്ള മാനുഷികവും സാമൂഹികവുമായ വലിയൊരു ഉത്തരവാദിത്തം കൂടിയാണ്.
ശാസ്ത്രീയമായി പൂർണ്ണമായും തെളിയിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമ്പോൾ അത് എസ്.എം.എ. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു അനുഗ്രഹമാണ്. അതിനാൽ, ഇത്തരം അടിസ്ഥാനരഹിതമായ മാധ്യമ പ്രചാരണങ്ങളെ അവഗണിച്ച്, രോഗിപക്ഷത്തുനിന്നുള്ള ഈ നിർണായക തീരുമാനവുമായി മുന്നോട്ടുപോകാൻ ആരോഗ്യവകുപ്പ് തയ്യാറാകണം.
റിസ്ഡിപ്ലാമിന്റെ ജനറിക് രൂപം വിപണിയിലെത്തുന്നത് തടയുക എന്നതാണ് തത്പരകക്ഷികളുടെ ലക്ഷ്യമെന്നാണ് ഡോ.കെ.പി. അരവിന്ദന്റേയും ഡോ.ബി.ഇക്ബാലിന്റേയും കുറിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്. ജനറിക് രൂപം എത്തുമ്പോൾ തങ്ങൾക് ലഭിക്കുന്ന ഭീമമായ ലാഭം ഇല്ലാതാകുമെന്ന ബഹുരാഷ്ട്ര ഭീമന്മാരുടെ ഭയമാണ് ഇതിന് പിന്നിൽ. ഇവരുടെ താത്പര്യങ്ങൾക്ക് സർക്കാർ വഴങ്ങരുത്. ലാഭേച്ഛയുള്ള മാധ്യമ വേട്ടപ്പട്ടികൾ കുരയ്ക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ സുരക്ഷിത ചികിത്സ ലഭിക്കട്ടെ.