ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചെന്നും 50,000 രൂപ പിഴ ചുമത്തിയെന്നും ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. മുഖ്യമന്ത്രിയെ മനഃപൂർവം അപമാനിക്കുകയായിരുന്നുവെന്നും പാർട്ടി ആരോപിച്ചു.

എഎപി പഞ്ചാബ് മീഡിയ ഇൻചാർജ് ബൽതേജ് പന്നു എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. രാത്രിയിൽ ഡൽഹി വിമാനത്താവളത്തിൽ മന്നിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചെന്നാണ് പന്നുവിന്റെ ആരോപണം.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൻ ഫ്രാൻസിലെ പാരിസിലേക്ക് പോയതെന്നും, രാജ്യം വിടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നുവെന്നും പന്നു അവകാശപ്പെട്ടു. പാരിസിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് 50,000 രൂപ പിഴ ചുമത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബികളോട് അപമാനം കാണിക്കാൻ കേന്ദ്രസർക്കാർ ഒരു അവസരവും പാഴാക്കുന്നില്ലെന്നും പന്നു വിമർശിച്ചു. എന്നാൽ, വിമാനത്താവളത്തിൽ മന്നിനെ തടഞ്ഞുവെച്ചതും പിഴ ചുമത്തിയതും സംബന്ധിച്ച ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.