പാട്യാല: എഐ ഇന്ന് എല്ലാ മേഖലയിലും സജീവമാണ്. ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ടെങ്കിലും ഏത് വിധത്തിൽ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് പ്രധാനം. നല്ല രീതിയിൽ പഠനത്തിനും ജോലിയ്ക്കും സഹായകരമായ വിധത്തിൽ എഐ ടൂളുകൾ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമുണ്ട്. പഠനത്തെ രസകരമായി മുൻപോട്ട് കൊണ്ടുപോകാൻ എഐ സഹായിക്കാറുണ്ട്. ഹരിയാന സിവിൽ സർവീസ് പരീക്ഷയില്‍ ചാറ്റ്ജിപിടി സഹായത്തോടെ പഠിച്ച 23കാരി അഞ്ചാം റാങ്ക് നേടിയ വാർത്ത ചർച്ചയാകുകയാണ്.
ഹിസാറിലെ ഡോഗ്രാൻ മൊഹല്ല സ്വദേശിയായ ചഹ്വി സർദനയാണ് റെക്കോർഡ് വിജയം സ്വന്തമാക്കിയത്. പ്രിന്റിങ് പ്രസ് ഉടമയായ ചിരാഗ് സർദാനയുടെയും സുമൻ സർദാനയുടെയും മകളാണ്. 675 മാർക്കിൽ 385 നേടിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. കോച്ചിങ് ക്ലാസുകൾക്കോ മോക്ക് ടെസ്റ്റുകൾക്കോ പോകാതെയായിരുന്നു പഠനം. പൂർണമായും ആശ്രയിച്ചത് ചാറ്റ്ജിപിടിയെയാണ്. സംശയമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ചാറ്റ്ജിപിടി സഹായിച്ചെന്നും ചഹ്വി പറയുന്നു. കുടുംബത്തിലെ ആദ്യ സർക്കാർ ജോലിക്കാരിയാണ് ഈ 23കാരി. പരിശീലനമില്ലാതെ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം. നിയമ പഠനത്തിനൊപ്പം പരിശ്രമിച്ചു
പട്യാലയിലെ കോളജിൽ നിന്ന് ബിഎ എൽഎൽബി ബിരുദം സ്വന്തമാക്കിയതാണ് ചഹ്വി. അഭിഭാഷക ആകുക എന്ന ആഗ്രഹത്തിനായിരുന്നു ആദ്യ പരിഗണന. നന്നായി പഠിച്ച് നിയമ ബിരുദം നേടിയതോടെ സിവിൽ സർവീസിലേക്ക് കടന്നു. കോളജ് പഠനകാലത്ത് തന്നെ ഒരേസമയം രണ്ട് കാര്യങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഈ 23 കാരിയുടെ യാത്ര. സമയമായിരുന്നു പലപ്പോഴും വില്ലൻ. കൃത്യമായ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അതിനെ അതിജീവിക്കാൻ സാധിച്ചതോടെ വിജയം നേടാനായി.