ഹൈദരാബാദ്: കർണാടകയിലെ വനമേഖലയിൽ മാനിനെ വേട്ടയാടിയെന്ന ആരോപണത്തിൽ ഹൈദരാബാദിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിൽ വന്യജീവി വേട്ടയ്ക്ക് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ ചിമ്മൻചോഡ് വനമേഖലയിൽ മാൻവേട്ട നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച ഹൈദരാബാദിലെ മാലക്പേട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ വാഹനത്തിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരെ പിടികൂടുകയായിരുന്നു.
വാഹനത്തിൽനിന്ന് ഒരു സ്പോർട്ടിങ് റൈഫിൾ, നൈറ്റ് വിഷൻ ടെലസ്കോപ്പ് ഘടിപ്പിച്ച ഉപകരണം, എട്ട് വെടിയുണ്ടകൾ, ഉപയോഗിച്ച 12 വെടിയുണ്ടത്തോടുകൾ, രണ്ട് നൈറ്റ് വിഷൻ ടെലസ്കോപ്പുകൾ, കേടായ ഒരു മടക്കാവുന്ന മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ മാൻവേട്ടയിൽ പങ്കെടുത്തതായി പ്രതികൾ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. വേട്ടയ്ക്കിടെ ലൈസൻസുള്ള തോക്കിൽനിന്ന് 12 തവണ വെടിയുതിർത്തതായും സംശയിക്കുന്നുണ്ട്. കേടായ മൊബൈൽ ഫോണിൽ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടായിരുന്നുവെന്ന ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ലൈസൻസുള്ള തോക്കിന്റെ ദുരുപയോഗം, വെടിയുണ്ടകളുടെ ഉപയോഗം, വന്യജീവി വേട്ടയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചെന്ന സംശയം എന്നിവയിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.