തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16 വയസ്സുകാരിയായ ആന്ധ്രാപ്രദേശ് സ്വദേശിനിയെ ബന്ധുക്കളും സ്പാ നടത്തിപ്പുകാരും ചേർന്ന് മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ. ഒരു ദിവസം പതിനഞ്ചോളം പേർ വരെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പീഡനത്തിന് വിസമ്മതിച്ചപ്പോൾ മാതൃസഹോദരി കുട്ടിയെ പൊള്ളലേൽപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്പാ ഉടമകളായ ആലപ്പുഴ സ്വദേശി സജിത് കുമാർ, പൂവാർ സ്വദേശി നിശാന്ത്, പെൺകുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്മി, അവരുടെ ഭർത്താവ് എന്നിവരെ പൊലീസ് ആന്ധ്രാപ്രദേശിൽനിന്ന് പിടികൂടി. നിശാന്തിന്റെ ഉടമസ്ഥതയിലുള്ള സ്പായുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ ഉദ്യോഗസ്ഥനായ അനൂപിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിക്ക് 20 വയസ്സുണ്ടെന്ന് തെളിയിക്കുന്നതിനായി വ്യാജ ആധാർ രേഖകൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്കൂൾ രേഖകൾ പരിശോധിച്ചതോടെയാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.

പെൺകുട്ടി സ്പായിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പെൺകുട്ടിയെ ചൂഷണം ചെയ്യാൻ സഹായിച്ചവരുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

Image credit : our own