കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഫണ്ട് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് നൽകിയ സാമ്പത്തിക സഹായം വഴി പ്രവർത്തിക്കുന്ന 455 പദ്ധതികൾ ഏകദേശം 202 മില്യൺ കുവൈത്ത് ദിനാറിന്റെ വാർഷിക വരുമാനം നേടി.
പദ്ധതികൾ സമർപ്പിച്ച ഏറ്റവും പുതിയ സാമ്പത്തിക കണക്കുകളിലാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. സേവന, വാണിജ്യ, വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളാണ് മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചത്.
19 പദ്ധതികൾക്ക് ഓരോന്നിനും 15 ലക്ഷം ദിനാറിലധികം വാർഷിക വരുമാനം ലഭിച്ചു. 11 പദ്ധതികൾ ഒരു മില്യൺ മുതൽ ഒന്നര മില്യൺ ദിനാർ വരെയുള്ള വരുമാനവും നേടി.
2025-ൽ ഫണ്ടിന്റെ സഹായത്തോടെ ആരംഭിച്ച 96 പുതിയ പദ്ധതികൾ ഏകദേശം അഞ്ച് മില്യൺ ദിനാർ അറ്റാദായം നേടി. മറ്റൊരു 320 പദ്ധതികൾ ഏകദേശം മൂന്ന് മില്യൺ ദിനാർ ലാഭവും രേഖപ്പെടുത്തി.
ചെറുകിട സംരംഭങ്ങളുടെ വളർച്ച കുവൈത്തിലെ എണ്ണയിതര സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയിലെ അവസരങ്ങൾ വികസിപ്പിക്കുന്നതിനും സഹായകമാണ്.