ലണ്ടൻ: വർഷങ്ങളായി തുടരുന്ന കുടുംബവഴക്കുകൾ അവസാനിപ്പിച്ച് കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് രാജകുമാരൻ ഹാരി. ലോകത്ത് ഇതിനകം തന്നെ ഏറെ നാടകീയതയുണ്ടെന്നും കുടുംബത്തിനുള്ളിലെ ഭിന്നതകൾ പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹാരി പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന അകൽച്ചയ്ക്കിടെയാണ് ഹാരിയുടെ പ്രതികരണം. പിതാവ് ചാൾസ് മൂന്നാമൻ രാജാവുമായും സഹോദരൻ വില്യം രാജകുമാരനുമായും ഹാരിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. രാജകുടുംബത്തിൽനിന്ന് പിന്മാറി ഭാര്യ മേഗൻ മാർക്കിളിനൊപ്പം അമേരിക്കയിൽ താമസമാക്കിയതോടെയാണ് ഭിന്നതകൾ കൂടുതൽ പരസ്യമായത്.
കുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം ഹാരി നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കുടുംബത്തിനുള്ളിലെ വിശ്വാസപ്രശ്നങ്ങളെക്കുറിച്ചും നിലനിൽക്കുന്ന തർക്കങ്ങൾ അനുരഞ്ജനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കുടുംബാംഗങ്ങളുമായി വീണ്ടും അടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, പരസ്പരമുള്ള ഭിന്നതകൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഹാരി.