മസ്കത്ത് : മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളിൽ മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുജനങ്ങൾ മാലിന്യങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും ചാലുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

മഴവെള്ള ചാലുകളിൽ മാലിന്യം അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മഴക്കാലത്ത് വെള്ളക്കെട്ടിനും മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. പൊതുജനാരോഗ്യവും നഗരത്തിന്റെ ശുചിത്വവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാലിന്യനിക്ഷേപത്തിനെതിരായ നടപടികൾ ശക്തമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മാലിന്യങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കണമെന്നും നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.