കോഴിക്കോട്:കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ വേറിട്ടൊരു യജ്ഞത്തിലാണ് മെഡിക്കൽ–എൻജിനീയറിങ് വിദ്യാർഥികൾ. രോഗികൾക്ക് മാത്രമല്ല, അസുഖം വന്ന ഉപകരണങ്ങൾക്കും ചികിത്സ നൽകിയാണ് മെഡിക്കൽ – എൻജിനീയറിങ് വിദ്യാർഥികളുടെ കൂട്ടായ്മ മുന്നോട്ടുപോകുന്നത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ്, മൾട്ടി പാരാ മോണിറ്റർ, ഇസിജി മെഷീൻ, നെബുലൈസർ എന്നിങ്ങനെ ഉപയോഗ ശൂന്യമായതിനാൽ മാറ്റിയിട്ട ഉപകരണങ്ങളാണ് നന്നാക്കാൻ തുടങ്ങിയത്.കേരള സ്റ്റാർട്ടപ് മിഷന്റെ സംരഭമായ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡവലപ്മെന്റ് സെന്റർ (ഐഇഡിസി) മെഡിക്കൽ കോളജ് യൂണിറ്റും എൻജിനീയറിങ് വിഭാഗത്തിന്റെ കൂട്ടായ്മയായ ടിങ്കർ സ്പേസും ചേർന്ന് ഞായറാഴ്ച നടത്തിയ റിപ്പയർ കഫേയിൽ അഞ്ച് ഉപകരണങ്ങളാണ് ഇത്തരത്തിൽ നന്നാക്കി എടുത്തത്.
ആരോഗ്യ മേഖലയിൽ ചികിത്സാ രംഗത്ത് നൂതന സാങ്കേതിക വിദ്യയ്ക്കുള്ള ആശയങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകാനാകുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ പറഞ്ഞു. അതു പ്രവർത്തന തലത്തിൽ കൊണ്ടുവരുന്നത് എൻജിനീയറിങ് വിങ്ങിന്റെ സാങ്കേതിക മികവിലൂടെയാണ്. ഇവിടെ മെഡിക്കൽ, എൻജിനീയറിങ് വിദ്യാർഥികൾ ഒത്തുചേർന്ന് നടത്തുന്നത് മാതൃകാ പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.