കുവൈത്ത് സിറ്റി: ലോകത്തെ വിരമിക്കൽ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തുന്ന 2026-ലെ Mercer CFA Institute Global Pension Index-ൽ കുവൈത്ത് മികച്ച നേട്ടം കൈവരിച്ചു. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ മറികടന്ന കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം നേടി.

ആഗോള സൂചികയിൽ 100-ൽ 72.9 പോയിന്റാണ് കുവൈത്ത് സ്വന്തമാക്കിയത്. 55 വിരമിക്കൽ സംവിധാനങ്ങളെ വിലയിരുത്തിയ പഠനത്തിൽ കുവൈത്തിന് ബി ഗ്രേഡ് ലഭിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങളുടെ പര്യാപ്തതയിൽ 88.3 പോയിന്റ് നേടി കുവൈത്ത് എ ഗ്രേഡിലെത്തി. ഈ വിഭാഗത്തിൽ നിരവധി വികസിത രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവെച്ചത്.

ഗൾഫ് മേഖലയിൽ 73.2 പോയിന്റുമായി സൗദി അറേബ്യ ഒന്നാമതെത്തിയപ്പോൾ 72.9 പോയിന്റുമായി കുവൈത്ത് രണ്ടാമതും 70 പോയിന്റുമായി യുഎഇ മൂന്നാമതുമെത്തി.

വിരമിക്കൽ പെൻഷനുകളുടെ പര്യാപ്തത, സാമ്പത്തിക സുസ്ഥിരത, ഭരണസംവിധാനങ്ങളുടെ വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളാണ് പഠനത്തിൽ പരിഗണിച്ചത്.