ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ജർമനിയും നെതർലൻഡ്സും സന്ദർശിക്കുന്നു. ഏകദേശം 100 ഇന്ത്യൻ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സംഘത്തോടെയാണ് ഒക്ടോബർ 22 മുതൽ 27 വരെ നീളുന്ന സന്ദർശനം.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. നൂതന ഉൽപ്പാദനം, കൃത്രിമ ബുദ്ധി (എഐ), ശുദ്ധമായ സാങ്കേതികവിദ്യ, ഹരിത ഗതാഗതം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ജർമനിയിൽ ഉന്നതതല ചർച്ചകൾ
ജർമനിയിൽ സാമ്പത്തിക-ഊർജ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗോയൽ കൂടിക്കാഴ്ച നടത്തും. നൂതന എൻജിനീയറിങ്, ഹരിത ഗതാഗതം, ശുദ്ധ ഊർജ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്യും.
ബെർലിൻ ഗ്ലോബൽ ഡയലോഗിലും അദ്ദേഹം പങ്കെടുക്കും. ജർമൻ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി വാഹന നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, എഐ, ഐടി, ഔഷധ നിർമാണം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടത്തും. ജർമനിയിൽ ഇന്ത്യൻ കമ്പനികൾക്ക് നിക്ഷേപം നടത്താനും പ്രവർത്തനം ആരംഭിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുന്ന നിക്ഷേപ യോഗത്തിലും സംഘം പങ്കെടുക്കും.
നെതർലൻഡ്സിൽ വ്യാപാര ചർച്ചകൾ
ഒക്ടോബർ 24 മുതൽ 27 വരെ നെതർലൻഡ്സിൽ നടക്കുന്ന സന്ദർശനത്തിൽ വ്യാപാര-വിദേശകാര്യ മേഖലയിലെ നേതാക്കളുമായി ഗോയൽ ചർച്ച നടത്തും. വ്യാപാര പാതകൾ വിപുലീകരിക്കുന്നതും ഹരിത പരിവർത്തനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ സഹകരിക്കുന്നതും പ്രധാന വിഷയങ്ങളാകും.
ഒക്ടോബർ 25ന് സംഘം റോട്ടർഡാം തുറമുഖം സന്ദർശിച്ച് ചരക്കുനീക്ക-വിതരണ ശൃംഖലാ സംവിധാനങ്ങൾ വിലയിരുത്തും. ഒക്ടോബർ 26ന് ഹേഗിൽ നടക്കുന്ന ഇന്ത്യ–നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ ഗോയൽ പങ്കെടുക്കും. ഭക്ഷ്യസംസ്കരണം, ഹൈടെക്, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ഉൽപ്പാദനം, ഔഷധ മേഖല, തുണിത്തരങ്ങൾ, സേവന മേഖലകൾ എന്നിവയിൽ ചർച്ചകളും ബിസിനസ് കൂടിക്കാഴ്ചകളും നടക്കും.
യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുകയും നിക്ഷേപം, വ്യവസായ സഹകരണം, ശക്തമായ വിതരണ ശൃംഖലകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.