കൊച്ചി: രാജ്യാന്തര കപ്പൽ ടൂറിസം മേഖലയെ കൂടുതൽ തുറമുഖങ്ങളിലേക്ക് വ്യാപിപ്പിച്ച് 2029ഓടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ ക്രൂസ് ടൂറിസം പദ്ധതിയായ ‘ക്രൂസ് ഭാരത് മിഷൻ’ അടുത്ത ഏപ്രിലിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെയാണ് പുതിയ വികസന പദ്ധതികൾക്ക് തുടക്കമാകുന്നത്.

നിലവിൽ മുംബൈ, കൊച്ചി തുറമുഖങ്ങളിൽ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന കപ്പൽ ടൂറിസം വിഴിഞ്ഞം ഉൾപ്പെടെ രാജ്യത്തെ പത്ത് തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഗോവ, ചെന്നൈ, ന്യൂ മംഗളൂരു തുറമുഖങ്ങളും ഇതിന്റെ ഭാഗമാകും. വിഴിഞ്ഞത്ത് ക്രൂസ് ടെർമിനൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരും ‘മിഷൻ സമുദ്ര’ പദ്ധതിയിൽ നിർദേശം സമർപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ പ്രതിവർഷം ശരാശരി 4.7 ലക്ഷം പേരാണ് കടൽ കപ്പൽ ടൂറിസം ആസ്വദിക്കുന്നത്. 2029ഓടെ ഈ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 7,500 കിലോമീറ്റർ തീരപ്രദേശം കപ്പൽ ടൂറിസത്തിന്റെ സാധ്യതകൾക്കായി പ്രയോജനപ്പെടുത്തും.

ഉൾനാടൻ ജലപാതകളിലെ 5,000 കിലോമീറ്റർ തീരവും ക്രൂസ് ഭാരത് മിഷന്റെ പരിധിയിൽ വരും. നദികളിലൂടെയുള്ള ക്രൂസ് യാത്രക്കാരുടെ എണ്ണം നിലവിലെ അഞ്ച് ലക്ഷത്തിൽനിന്ന് മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ 15 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.

മിഷന്റെ ആദ്യഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, സാധ്യതാ പഠനം, നിയന്ത്രണ ചട്ടങ്ങൾ രൂപീകരിക്കൽ എന്നിവയ്ക്കായിരുന്നു മുൻഗണന. രണ്ടാം ഘട്ടത്തിൽ പുതിയ ക്രൂസ് കേന്ദ്രങ്ങൾ കണ്ടെത്തൽ, ടെർമിനലുകൾ വികസിപ്പിക്കൽ, മറീനകൾ നിർമിക്കൽ, കസ്റ്റംസ്-ഇമിഗ്രേഷൻ നടപടികൾ ഡിജിറ്റലാക്കൽ എന്നിവ നടപ്പാക്കി.

കൊച്ചിയിലെ സാഗരിക ക്രൂസ് ടെർമിനലിൽ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ യാത്രക്കാർക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

തൊഴിലവസരങ്ങൾ എവിടെയെല്ലാം?

കപ്പൽ ടൂറിസം മേഖലയിലെ വളർച്ച ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, യാത്രക്കാരുടെ സേവനം, തുറമുഖ പ്രവർത്തനം, സുരക്ഷ, ലോജിസ്റ്റിക്സ്, കപ്പൽ ജീവനക്കാർ, സാങ്കേതിക വിഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കും. കൂടാതെ, കപ്പലിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കരയിലെ യാത്രകൾ, താമസസൗകര്യങ്ങൾ, പ്രാദേശിക ഭക്ഷണശാലകൾ, കരകൗശല ഉൽപ്പന്ന വിൽപ്പന തുടങ്ങിയ അനുബന്ധ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

നിലവിൽ ക്രൂസ് ടൂറിസം മേഖലയിൽ പ്രതിവർഷം ഏകദേശം 1,300 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കുന്നത്. 2030ഓടെ ഇത് 4,500 കോടി രൂപയായി ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.