ദുബായ്: അക്കാഫും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക അക്കാഫ്–മാതൃഭൂമി ബുക്സ് കഥാമത്സരത്തിലെ മികച്ച 15 കഥകളുടെ പുസ്തകപ്രകാശനച്ചടങ്ങ് ഒക്ടോബർ 24, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചി, കാക്കനാട് മാതൃഭൂമി ബുക്സ് ഹാളിൽ നടക്കും.

പ്രശസ്ത എഴുത്തുകാരായ പി. എഫ്. മാത്യൂസ്, പി. വി. ഷാജികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ യുവകഥാകൃത്തുകൾക്ക് സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരങ്ങളും ആദരവും നൽകും. എലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ ഹരികുമാർ വിശിഷ്ടാതിഥിയായിരിക്കുമെന്ന് അക്കാഫ്

ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, സാഹിത്യവിഭാഗം കൺവീനർ അജിത്ത് കണ്ടല്ലൂർ, വൈസ് പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ എഴുത്തുകാരുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കുകയും മലയാള സാഹിത്യലോകത്തിന് മികച്ച കഥകളെ പരിചയപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് അവർ അറിയിച്ചു.