ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കോളേജിൽ അതിക്രമിച്ച് കയറി മുസ്‌ലിം വിദ്യാർഥികളെ മർദിച്ചതായി ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ പരാതി. സാം ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ ഗർബ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.

വിദ്യാർഥികളുടെ വിവരമനുസരിച്ച്, ഒരു സംഘം ബജ്‌റംഗ്ദൾ പ്രവർത്തകർ പരിപാടിയുടെ പ്രധാന വേദി കൈയടക്കുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. തുടർന്ന് വേദിയിൽനിന്ന് സംസാരിച്ച സംഘം, ‘ജിഹാദി ചിന്താഗതിയുള്ളവർ’ അഞ്ച് മിനിറ്റിനുള്ളിൽ പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

തുടർന്ന് വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡുകളും പേരുകളും പരിശോധിച്ച സംഘം, അഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് സമീർ ആലം, മാസൂം റാസ എന്നീ രണ്ട് മുസ്‌ലിം വിദ്യാർഥികളെ മർദിച്ചതായാണ് പരാതി. തങ്ങൾ കോളേജിലെ വിദ്യാർഥികളാണെന്ന് വ്യക്തമാക്കിയിട്ടും ആക്രമണം തുടർന്നുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

അതേസമയം, മതപരമായ ആഘോഷത്തിനിടെ അശ്ലീല ബോളിവുഡ് ഗാനങ്ങൾ കേൾപ്പിച്ചെന്നും മുന്നറിയിപ്പ് നൽകിയിട്ടും അഹിന്ദു വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തെന്നും ബജ്‌റംഗ്ദൾ നേതാക്കൾ ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥികളും അധ്യാപകനും ചേർന്ന് തങ്ങളെ മർദിച്ചുവെന്ന് കാണിച്ച് സംഘം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബജ്‌റംഗ്ദൾ നൽകിയ പരാതിയിൽ ഭോപ്പാൽ ബിൽഖിരിയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് അശ്ലീല ഗാനങ്ങൾ ആലപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ മർദനമേറ്റ വിദ്യാർഥികൾ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം സമുദായ പ്രതിനിധികൾ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.