ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യു.എൻ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. യു.എൻ പ്രത്യേക റിപ്പോർട്ടർ ബെൻ സൗൾ തയ്യാറാക്കിയ റിപ്പോർട്ടിലെ പരാമർശം വസ്തുതാപരമായി തെറ്റാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ ഫസ്റ്റ് സെക്രട്ടറി രഘു പുരിയാണ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്ഫോടനക്കേസിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണെന്നും നിലവിൽ ഇന്ത്യയിലല്ല, പാകിസ്താനിലാണ് താമസിക്കുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദാവൂദ് ഇബ്രാഹിമും ഡി-കമ്പനിയും അൽഖ്വയ്ദയുമായി ബന്ധമുള്ളതായി 2003ൽ യു.എൻ സുരക്ഷാ സമിതിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഡി-കമ്പനിയെ ഇന്ത്യ ആസ്ഥാനമായുള്ള സംഘടനയായി വിശേഷിപ്പിച്ചത് അതിന്റെ നിലവിലെ പ്രവർത്തനകേന്ദ്രത്തെക്കുറിച്ചുള്ള വസ്തുതകൾ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

യു.എൻ സംവിധാനത്തിൽനിന്നുള്ള റിപ്പോർട്ടുകൾ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഇത്തരം പിഴവുകൾ തിരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.