കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിന്നിരുന്ന യുദ്ധപ്രതിസന്ധിയെ തുടർന്ന് കുത്തനെ കുറഞ്ഞ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം വീണ്ടും ഉയർന്നതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് നവാഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. രാജ്യത്തിന്റെ അസംസ്കൃത എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് കുവൈത്തിന്റെ എണ്ണമേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
യുദ്ധപ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ എണ്ണ ഉൽപ്പാദനം ഏതാണ്ട് പൂർണമായും നിലച്ചിരുന്നുവെങ്കിലും നിലവിൽ പ്രതിദിനം 20 ലക്ഷം ബാരലിലധികമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. എണ്ണപ്പാടങ്ങളുടെയും ഉൽപ്പാദന കേന്ദ്രങ്ങളുടെയും പ്രവർത്തനക്ഷമതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമാണ് ഉൽപ്പാദനം പുനഃസ്ഥാപിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രതിദിനം 27 ലക്ഷം ബാരൽ എന്ന യുദ്ധത്തിന് മുമ്പുള്ള ഉൽപ്പാദനനില പൂർണമായി വീണ്ടെടുക്കണമെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
അസംസ്കൃത എണ്ണ കയറ്റുമതിയിൽ കുവൈറ്റ് നിലവിൽ ഉപഭോക്താക്കളോടുള്ള കരാർ ബാധ്യതകൾ നിറവേറ്റുന്നുണ്ട്. അതേസമയം, ഡീസൽ, വിമാന ഇന്ധനം ഉൾപ്പെടെയുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വെല്ലുവിളികൾ തുടരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്ന് കുവൈത്തിലാണെന്നും ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും ഉൽപ്പാദനത്തിൽ രാജ്യത്തിന് നിർണായക സ്ഥാനമുണ്ടെന്നും നവാഫ് അൽ സൗദ് ചൂണ്ടിക്കാട്ടി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന് കൂടുതൽ എണ്ണക്കപ്പലുകൾ ഗൾഫ് മേഖലയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.