കുവൈറ്റ് സിറ്റി: ഗാസയിലെ കുടിവെള്ള ക്ഷാമവും കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനായി കുവൈത്തിലെ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംഘടനയായ യുണിസെഫും അഞ്ച് ലക്ഷം അമേരിക്കൻ ഡോളറിന്റെ രണ്ട് സഹായ കരാറുകളിൽ ഒപ്പുവച്ചു.

ഏകദേശം 2.23 ലക്ഷം പേർക്ക് പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

മൂന്ന് ലക്ഷം ഡോളറിന്റെ ആദ്യ കരാർ പ്രകാരം മൂന്ന് കിണറുകളുടെ പുനരുദ്ധാരണവും പരിപാലനവും ഉൾപ്പെടെയുള്ള ജലവിതരണ, ശുചിത്വ പദ്ധതികൾ നടപ്പാക്കും. ഇതിലൂടെ ഏകദേശം 80,000 പേർക്ക് സുരക്ഷിതമായ കുടിവെള്ള ലഭ്യത മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

രണ്ട് ലക്ഷം ഡോളറിന്റെ രണ്ടാമത്തെ കരാർ പ്രകാരം പോഷകാഹാരക്കുറവ് നേരിടുന്ന 1.43 ലക്ഷത്തിലധികം കുട്ടികൾക്കായി പ്രത്യേക പോഷകാഹാര സഹായ പരിപാടികൾ നടപ്പാക്കും. രണ്ട് പദ്ധതികളുടെയും കാലാവധി 12 മാസമാണ്.

കുവൈറ്റ് സന്നദ്ധ സംഘടനയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ അൽ മുതവ്വ കരാറുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കി.