തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിനായി നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ഏർപ്പെടുത്തും. ദർശനത്തിനായി ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശന സൗകര്യം ലഭിച്ചിരുന്നത്. ബുക്കിങ് നടത്തിയിട്ടും പലരും ദർശനത്തിനെത്താത്തതിനാൽ മറ്റ് ഭക്തർക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നത്.
ഒരു ബുക്കിങ്ങിൽ ഒരുമുതൽ ആറുപേർക്ക് വരെ ഒരുമിച്ച് ദർശനത്തിനായി രജിസ്റ്റർ ചെയ്യാം. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും.
പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ടും ഉൾപ്പെടെ എട്ട് സ്ലോട്ടുകളിലായി 2,400 പേർക്ക് ദർശന സൗകര്യം ഒരുക്കും. ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലിനും അഞ്ചിനുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുക.
നിർമ്മാല്യ ദർശനവും ഓൺലൈൻ വഴിയാക്കുന്നത് ദേവസ്വം ഭരണസമിതിയുടെ പരിഗണനയിലുണ്ട്. ക്ഷേത്രത്തിലെ കലാപരിപാടികൾക്കായി ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നതും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന കാര്യം അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.