ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്ന് കോടതിക്ക് രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ജയിൽമോചിതരാക്കി. ഒക്ടോബർ 21ന് ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരുടെയും മോചനത്തിന് ഉത്തരവിട്ടത്.
ജന്തർ മന്തറിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം കോടതി തള്ളി. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകളും അംഗീകരിച്ചാണ് മോചനം അനുവദിച്ചത്.
ജന്തർ മന്തറിൽ നിയമപരമായ അനുമതിയില്ലാതെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യരുതെന്നും സമാധാനവും ക്രമസമാധാനവും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർദേശിച്ചു. കേസിന്റെ തുടർനടപടികളിൽ ഇരുവരും ജാമ്യക്കാരും എല്ലാ ഹിയറിങ്ങുകളിലും നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ഇലക്ഷൻ കമ്മീഷണർക്കും വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ നടത്തിയ 'ലഹ്റാ ദോ തിരംഗ' പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ 14ന് അറസ്റ്റിലായ നേതാക്കൾ ഏഴു ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.
പ്രതിഷേധത്തിനിടെ സുരക്ഷാ ബാരിക്കേഡുകൾ മറികടന്നതും നിയമപരമായ നിയന്ത്രണങ്ങൾ ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കസ്റ്റഡി നീട്ടിയത്. മോചനത്തിന് പിന്നാലെ ഇരുവരുടെയും അനുയായികൾ സന്തോഷം പ്രകടിപ്പിച്ചു.
കേസിൽ അടുത്ത വാദം കേൾക്കൽ ഒക്ടോബർ 23ന് നടക്കും.