തിരുവനന്തപുരം: വിദ്യാരംഭ ദിനമായ ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഹാൾ മറ്റൊരു ലോകമായിരുന്നു. അനാഥത്വത്തിന്റെ വേദനകൾ മറന്ന്, അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് ചുവടുവെച്ച 13 കുരുന്നുകളുടെ കളിചിരികളാൽ ആ ഹാൾ വർണ്ണാഭമായി.

സമിതിയുടെ തണലിൽ വളരുന്ന മൂന്ന് വയസിന് താഴെയുള്ള കേരളിയ മുതൽ കതിർ വരെയുള്ള 13 കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകാൻ ഗതാഗത വകുപ്പ് മന്ത്രി എത്തിയത് വെറുമൊരു മന്ത്രിയായല്ല, ഒരു അപ്പൂപ്പനായിട്ടാണ്.

കുരുന്നുകളെ ഒക്കത്തിരുത്തി, അവരുടെ ചെറുവിരലുകൾ സ്വന്തം കൈകളിൽ കോർത്ത് പിടിച്ച് മന്ത്രി അരിമണിയിൽ അക്ഷരങ്ങൾ വിതറി - അ... അമ്മ, അറിവ്, സ്നേഹം, സത്യം... ഒപ്പം എ ബി സി ഡിയും.

ചിലർ അനുസരണയോടെ എഴുതി. ചിലർ പിണങ്ങി, ചിണുങ്ങി വഴുതി മാറാൻ ശ്രമിച്ചു. മറ്റ് ചില കുസൃതികൾ എഴുത്ത് താലത്തിലെ അരിയും പൂവും വാരി തിന്ന് ചിരി പരത്തി. ചിലരുടെ കണ്ണുകളിൽ കൗതുകം, ചിലരുടെ വിരലുകളിൽ അരി വാരിക്കളി.

"അമ്മ, അച്ഛൻ, സന്തോഷം, സ്നേഹം, ശാന്തി" എന്നീ വാക്കുകൾ മന്ത്രിയുടെയും കൊച്ചുമക്കളുടെയും കണ്ഠത്തിൽ നിന്നും ആ ഹാളിൽ അലിഞ്ഞു ചേർന്നപ്പോൾ അത് വെറുമൊരു ചടങ്ങല്ല, ബാല്യത്തിന്റെ തിരിച്ചുവരവായി.

ഓരോ കുരുന്നിനും അക്ഷരവും പകർന്ന്, മിഠായിയും കടലയും പായസവും വാരി നൽകിയാണ് മന്ത്രി മടങ്ങിയത്.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ എന്നിവർ പിതൃതുല്യരായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തങ്ങളുടെ കുഞ്ഞുങ്ങളുടെ ആദ്യാക്ഷരത്തിന്റെ ചുവടുവെപ്പ് ആഘോഷമാക്കാൻ, അവിടുത്തെ അമ്മമാർ സ്വന്തമായി തയ്യാറാക്കിയ പായസവും മറ്റ് വിഭവങ്ങളുമായാണ് ഹാളിൽ എത്തിയത്.

അക്ഷരാർത്ഥത്തിൽ അറിവും ബാല്യവും സ്നേഹവും ചേർന്ന അവിസ്മരണീയ നിമിഷമായി മാറി ശിശുക്ഷേമ സമിതി ഹാളിലെ ഈ വിദ്യാരംഭം.