കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് ഏകദേശം എട്ട് കോടി രൂപ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി കൊല്ലം സ്വദേശി, ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. സ്ട്രോങ് റൂം തുറന്നാണ് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർന്നതെന്നാണ് കേസ്.
പാർട്ടി പ്രവർത്തകൻ തന്നെയെന്ന് ബിജെപി
ബാലകൃഷ്ണൻ ബിജെപി പ്രവർത്തകനാണെന്ന് പാർട്ടി മണ്ഡലം പ്രസിഡന്റ് സ്ഥിരീകരിച്ചു. നേരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ പാർട്ടിയിൽ ചേരുന്നതിന് മുമ്പാണ് കവർച്ച നടന്നതെന്നാണ് മണ്ഡലം പ്രസിഡന്റിന്റെ വിശദീകരണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇയാളെ പാർട്ടിയിൽനിന്ന് മാറ്റിനിർത്തിയതായും അദ്ദേഹം അറിയിച്ചു.
ബാലകൃഷ്ണനെ ഖത്തറിലേക്ക് കൊണ്ടുപോയത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. കവർച്ച ചെയ്ത പണം ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.