കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ 325 കോടി അമേരിക്കൻ ഡോളർ സമാഹരിച്ച് കുവൈറ്റ്. മൂന്ന് വർഷവും പത്ത് വർഷവും കാലാവധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് ഡോളർ അടിസ്ഥാനമാക്കിയുള്ള കടപ്പത്രങ്ങൾ പുറത്തിറക്കിയത്.
225 കോടി ഡോളറിന്റെ മൂന്ന് വർഷ കാലാവധിയുള്ള കടപ്പത്രങ്ങൾക്ക് 5.619 ശതമാനവും 100 കോടി ഡോളറിന്റെ പത്ത് വർഷ കാലാവധിയുള്ള കടപ്പത്രങ്ങൾക്ക് 6.198 ശതമാനവുമാണ് വരുമാനനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
780 കോടി ഡോളറിലധികം മൂല്യമുള്ള നിക്ഷേപ അപേക്ഷകളാണ് ലഭിച്ചത്. സമാഹരിക്കാൻ ലക്ഷ്യമിട്ട തുകയുടെ ഏകദേശം 2.4 മടങ്ങാണ് നിക്ഷേപകരുടെ ആവശ്യം.
കടപ്പത്രങ്ങളുടെ സാമ്പത്തിക തീർപ്പാക്കൽ ഒക്ടോബർ 26ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇവ ലിസ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. അന്താരാഷ്ട്ര നിക്ഷേപകർ കുവൈത്തിന്റെ കടപ്പത്രങ്ങളോട് പ്രകടിപ്പിക്കുന്ന താൽപര്യമാണ് ഈ ഇടപാടിലൂടെ വ്യക്തമാകുന്നത്.