കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സമുദ്രസുരക്ഷയും നാവിക പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മിസൈൽ യുദ്ധക്കപ്പലുകളുടെ നിർമാണത്തിന് കുവൈറ്റ് തുടക്കമിട്ടു. യുഎഇ ആസ്ഥാനമായുള്ള എഡ്ജ് ഗ്രൂപ്പുമായി സഹകരിച്ചാണ് ‘അൽ ദുറ’ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

സിംഗപ്പൂരിൽ നടന്ന നിർമാണാരംഭ ചടങ്ങിൽ കുവൈറ്റ് നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ ഹംലാൻ പങ്കെടുത്തു. സിംഗപ്പൂരിലെ കുവൈറ്റ് അംബാസഡർ ഷെയ്ഖ് ജാബർ ദുഐജ് അൽ സബാഹും ചടങ്ങിൽ സന്നിഹിതനായിരുന്നു.

കുവൈറ്റ് നാവികസേനയുടെ യുദ്ധസജ്ജത വർധിപ്പിക്കുക, സമുദ്രാതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യത്തിന്റെ തന്ത്രപ്രധാനമായ സമുദ്രതാൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

സന്ദർശനത്തിന്റെ ഭാഗമായി റിയർ അഡ്മിറൽ സെയ്ഫ് അൽ ഹംലാൻ സിംഗപ്പൂർ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷോൺ വാട്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം, സമുദ്രസുരക്ഷാ ഏകോപനം, സാങ്കേതിക പരിജ്ഞാന കൈമാറ്റം എന്നിവ ചർച്ച ചെയ്തു.