കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കൊരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബാഗിൽ നിന്ന് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയ കേസിൽ കീഴ്‌ക്കോടതിയുടെ കുറ്റവിമുക്തി വിധി അപ്പീൽ കോടതി ശരിവച്ചു.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ യാത്രാബാഗിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി അനുവദിച്ച തോക്കാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തോക്ക് ബാഗിൽ ഉണ്ടായിരുന്നത് മനഃപൂർവമല്ലാത്ത വീഴ്ച മൂലമാണെന്നും സുരക്ഷാ പരിശോധന ഒഴിവാക്കാനോ ആയുധം മറച്ചുവയ്ക്കാനോ ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി വിലയിരുത്തി.

ഔദ്യോഗിക ആവശ്യങ്ങൾക്ക് ആയുധം കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമപരമായ ഇളവ് ചുമതല നിർവഹിക്കുന്ന സമയത്ത് മാത്രമായി പരിമിതപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിരോധ അഭിഭാഷകൻ ഫഹദ് അൽ ഷമ്മാരി മുന്നോട്ടുവച്ച വാദങ്ങൾ കൂടി പരിഗണിച്ചാണ് കുറ്റവിമുക്തി ശരിവച്ചത്.