കുവൈറ്റ് സിറ്റി: 2026–2027 ശൈത്യകാല ക്യാമ്പിങ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലായി 11 സ്ഥലങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി നിർദേശിച്ചു. ഓരോ ക്യാമ്പിനും 1,000 ചതുരശ്ര മീറ്റർ എന്ന അടിസ്ഥാനത്തിൽ ഏകദേശം 1.20 ലക്ഷം ക്യാമ്പുകൾക്കുള്ള സ്ഥലസൗകര്യമാണ് കണക്കാക്കിയിരിക്കുന്നത്.
ഉമ്മു സഫാഖ്–ഖൈറാൻ റോഡ് മേഖലയിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾക്കാണ് സൗകര്യം നിർദേശിച്ചിരിക്കുന്നത്. ഇവിടെ ഏകദേശം 43,600 ക്യാമ്പുകൾക്ക് സ്ഥലം ലഭ്യമാക്കാനാണ് പദ്ധതി. അൽ നഈം മേഖലയിലും പ്രത്യേക ക്യാമ്പിങ് ഏരിയയിലും 16,000 വീതം ക്യാമ്പുകൾക്കുള്ള സൗകര്യം കണക്കാക്കിയിട്ടുണ്ട്.
കസ്മ, അൽ മുത്ലാ, അൽ ജഹ്റ, കബ്ദ്, സുലൈബിയ, സബാഹ് അൽ അഹ്മദ്, ആരിഫ്ജാൻ തുടങ്ങിയ മേഖലകളും നിർദിഷ്ട ക്യാമ്പിങ് സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.