കുവൈറ്റ് സിറ്റി: 2026 മാർച്ചിൽ കുവൈത്തിലെ അമേരിക്കൻ എംബസിയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈറ്റ് ഐക്യരാഷ്ട്രസഭയിൽ ശക്തമായി അപലപിച്ചു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ആറാം നിയമകാര്യ സമിതിയിൽ സംസാരിച്ച കുവൈറ്റ് സ്ഥിരം ദൗത്യത്തിലെ സെക്കൻഡ് സെക്രട്ടറി ജാസിം അൽ അമീരിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിനും നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1961ലെ നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷനും 1963ലെ കോൺസുലർ ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷനും അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത കുവൈറ്റ് ആവർത്തിച്ചു. രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.