കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 300 ഡെലിവറി തൊഴിലാളികളെ രാജ്യത്തുനിന്ന് നാടുകടത്തിയതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ മേഖലയിലെ കമ്പനി ഉടമകളുമായും പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡെലിവറി സ്ഥാപനങ്ങൾക്കെതിരായ പരിശോധനകൾക്ക് മുന്നോടിയായി കമ്പനി അധികൃതർക്ക് ഗതാഗത നിയമങ്ങൾ സംബന്ധിച്ച് നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദിവസേന പരിശോധനകൾ തുടരുകയാണ്.
ഡെലിവറി വാഹനങ്ങൾ ഓടിക്കുന്നതിന് ആവശ്യമായ പരിശീലനവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികളെ മാത്രമേ കമ്പനികൾ നിയമിക്കാവൂ. കുവൈത്തിലെ ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ള ഡ്രൈവർമാരെ തിരഞ്ഞെടുക്കണം. തൊഴിലാളികളെ ദിവസേന 18 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് അന്യായമായി പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാവില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
അതേസമയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറലിനോട് പരാതികളും ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങളെയും സേവനങ്ങൾ തേടുന്നവരെയും നേരിട്ട് കാണുന്നതിന് നിശ്ചിത സമയം അനുവദിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആഴ്ചയിൽ ഒരു ദിവസം പൊതുജനങ്ങളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് പ്രാപ്യരായിരിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാൻ അവസരമൊരുക്കണമെന്നും അമീർ നിർദേശിച്ചിട്ടുള്ളതായും മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കും. നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് ഇളവുകൾ നൽകില്ലെന്നും തൊഴിലാളി സംരക്ഷണവും നിയമപാലനവും ഉറപ്പാക്കുമെന്നും ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി.