കുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖയുള്ള വിദേശികൾക്ക് നഷ്ടപ്പെട്ട പാസ്പോർട്ട് സംബന്ധിച്ച വിവരം ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള പുതിയ ഡിജിറ്റൽ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത മൊബൈൽ ആപ്ലിക്കേഷനായ 'സഹേൽ' (Sahel) വഴിയാണ് പുതിയ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികൾക്ക് അതുസംബന്ധിച്ച വിവരം ഇലക്ട്രോണിക് സംവിധാനത്തിലൂടെ അറിയിക്കാനും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭ്യമാക്കാനും പുതിയ സേവനം സൗകര്യമൊരുക്കുന്നു.
സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെയും പ്രവാസികൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നടപടി.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുപ്രകാരം, സഹേൽ ആപ്പിലെ സുരക്ഷാ സേവനങ്ങൾ (Security Services) എന്ന വിഭാഗത്തിലാണ് പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെനിന്ന് ലഭിക്കുന്ന പാസ്പോർട്ട് നഷ്ടപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാനാകും.
പാസ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഔദ്യോഗിക രേഖ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ സുഗമമാക്കുന്നതാണ് പുതിയ സംവിധാനം. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശ താമസക്കാർക്ക് ഇത് പ്രയോജനപ്പെടും.