കുവൈറ്റ് സിറ്റി: കുവൈത്തിൽ പതിനായിരത്തോളം കമ്പനികൾ മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതായി കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വെളിപ്പെടുത്തി. അഞ്ചിലധികം തൊഴിലാളികളുള്ള പതിനായിരത്തോളം കമ്പനികളുടെ പ്രവർത്തനങ്ങളും ശമ്പളവിതരണവും സംബന്ധിച്ച് അധികൃതർ പരിശോധന ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഒക്ടോബർ 21ന് കമ്പനി ഉടമകളുമായും പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചില സ്ഥാപനങ്ങൾ നാലുമാസത്തിലധികമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ലെന്നും ചില കേസുകളിൽ ശമ്പളക്കുടിശ്ശിക ഒന്നരവർഷം വരെ നീണ്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ശമ്പളം നൽകാതിരിക്കുക, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
കുവൈത്ത് ആരോടും അനീതി കാണിക്കുന്ന രാജ്യമല്ലെന്നും സ്വദേശികളുടെയും വിദേശികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവന്നശേഷം ശമ്പളം നൽകാതിരിക്കുന്നതും യഥാർഥത്തിൽ ജോലി ചെയ്യാത്തവരെ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതും അംഗീകരിക്കാനാവില്ല. ഇത്തരം പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ചില കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കുവൈത്ത് പൗരന്റെ പേരിൽ പ്രതിമാസം 3,000 ദിനാർ ശമ്പളം രേഖപ്പെടുത്തിയിരുന്നെങ്കിലും യഥാർഥത്തിൽ ലഭിച്ചിരുന്നത് 180 ദിനാർ മാത്രമായിരുന്നുവെന്ന ഉദാഹരണവും മന്ത്രി ചൂണ്ടിക്കാട്ടി.
കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്നും നിയമലംഘനങ്ങൾക്ക് സ്ഥാപന ഉടമകളുടെ പദവിയോ സ്വാധീനമോ പരിഗണിക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.