കുവൈറ്റ് സിറ്റി: ഹോർമുസ് കടലിടുക്കിലെ സമുദ്രാന്തർ ഇന്റർനെറ്റ് കേബിളുകളെ ലക്ഷ്യമിടുമെന്ന ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യം നേരിടാൻ കുവൈറ്റ് സജ്ജമാണെന്ന് ആശയവിനിമയ മന്ത്രി ഒമർ അൽ ഒമർ വ്യക്തമാക്കി.
കൃത്രിമബുദ്ധിയും ഡിജിറ്റൽവൽക്കരണവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ഇന്റർനെറ്റ് ബന്ധങ്ങൾക്ക് സമുദ്രാന്തർ കേബിളുകൾ നിർണായകമാണെന്നും ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ സഹായകരമാകുമെങ്കിലും നിലവിലെ കേബിൾ ശൃംഖലകൾക്ക് പൂർണമായ പകരമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ സർക്കാർ രേഖകളും ആർക്കൈവുകളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പുതിയ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. അമേരിക്കൻ വിവരസംരക്ഷണ സ്ഥാപനമായ അയൺ മൗണ്ടനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ രേഖകളുടെ സുരക്ഷ, രഹസ്യസ്വഭാവം, വിവരങ്ങളുടെ വേഗത്തിലുള്ള ലഭ്യത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.