കുവൈറ്റ് സിറ്റി: സാൽവയിൽ മോട്ടോർസൈക്കിൾ ഇടിച്ച് എട്ടുവയസ്സുള്ള കുവൈറ്റ് ബാലൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് വയസ്സിനുമേൽ പ്രായമുള്ള കുവൈറ്റ് സ്വദേശിയായ മോട്ടോർസൈക്കിൾ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സാൽവയിലെ ഉൾറോഡിൽ കുട്ടിയെ മോട്ടോർസൈക്കിൾ ഇടിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരണപ്പെട്ടിരുന്നു.

കുട്ടി പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് കടന്നുവന്നതായും അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണ് ഡ്രൈവർ അധികൃതരോട് വ്യക്തമാക്കിയത്. സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ അൽ മുത്ലാ മേഖലയിൽ മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവും മരിച്ചു.