ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ‘ഞാൻ ട്രാവൽ ഏജന്റല്ല’ എന്നായിരുന്നു തരൂരിന്റെ മറുപടി.
ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയിലെ പ്രത്യേക പരിഷ്കരണ നടപടിയായ എസ്ഐആറിനെതിരെയും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യം ഉയർന്നത്. പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയെന്ന റിപ്പോർട്ടുകളെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ തരൂരിനോട് ചോദിച്ചത്.
രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല. ഓരോരുത്തർക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് യാത്ര ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും യാത്രയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.