കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡുകളുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ നിർദേശിച്ചു.

വിവിധ ഗവർണറേറ്റുകളിലെ റോഡ് അറ്റകുറ്റപ്പണി പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച എൻജിനീയർമാരെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡ് അറ്റകുറ്റപ്പണികളുടെ പുരോഗതി നിരീക്ഷിക്കുന്നതിലും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലും എൻജിനീയറിങ് വിഭാഗങ്ങളുടെ പങ്ക് നിർണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും തുടർച്ചയായ മേൽനോട്ടവും ശക്തിപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

റോഡ് ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ ഫവാസ് അൽ ഷമ്മാരിയും ചടങ്ങിൽ പങ്കെടുത്തു.