തിരുവനന്തപുരം:
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന തിരുവനന്തപുരം ജില്ലാ കലോത്സവം 'വർണ്ണോത്സവത്തിന്- ഒക്ടോബർ 23 വെള്ളിയാഴ്ച തുടക്കം. രാവിലെ 9.30-ന് മന്ത്രി സി.പി.ജോൺ ശിശുക്ഷേമ സമിതി ഹാളിൽ ഉത്ഘാടനം ചെയ്യും. നവംബർ 8 വരെ നീളുന്ന കലോസവം തിരുവനന്തപുരം തൈക്കാടുള്ള വിവിധ വേദികളിലായി നടക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വരെയുള്ള കുട്ടികൾക്കായാണ് കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ചിത്രരചന, മലയാളം പ്രസംഗം, ക്വിസ്, വിജ്ഞാനലേഖനം, വാർത്താ തയ്യാറാക്കൽ, കടലാസ് ശില്പ നിർമ്മാണം, സംഘനൃത്തം, മോഹിനിയാട്ടം, ഓലകളിപ്പാട്ട നിർമ്മാണം, കീബോർഡ്, മോണോ ആക്ട്, സംഘഗാനം, ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട് (സിംഗിൾ), മലയാളം വായന, നാടോടി നൃത്തം, കവിതാ ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്), വയലിൻ, മൃദംഗം, കേരളനടനം, ഭരതനാട്യം, സമകാലിക നൃത്തം, ശാസ്ത്രീയ സംഗീതം, മിമിക്രി, ലളിതഗാനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ.
പ്രസംഗ മത്സരത്തിൽ നിന്ന് കുട്ടികളുടെ നേതാക്കൾ
ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിന റാലിയും സമ്മേളനവും നയിക്കുന്നതിനുള്ള കുട്ടികളുടെ നേതാക്കളെ നവംബർ 1ന് നടക്കുന്ന സംസ്ഥാനതല എൽ.പി, യു.പി മലയാളം പ്രസംഗ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.
തിരുവനന്തപുരം ജില്ല ഉൾപ്പെടെയുള്ള ജില്ലകളിൽ നടക്കുന്ന മലയാളം പ്രസംഗ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരായിരിക്കും സംസ്ഥാന തലത്തിൽ മത്സരിക്കുക.
ഒക്ടോബർ 31ന് നഴ്സറി - അങ്കണവാടി കലോത്സവം
വർണ്ണോത്സവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നഴ്സറി/അങ്കണവാടി കലോത്സവം ഒക്ടോബർ 31ന് നടക്കും. ജില്ലയിലെ ആറായിരത്തിലധികം കുരുന്നുകൾ മാറ്റുരയ്ക്കും. കഥപറയൽ (മലയാളം, ഇംഗ്ലീഷ്), അഭിനയഗാനം (സോളോ, ഗ്രൂപ്പ്), മോണോ ആക്ട്, സംഘനൃത്തം, അക്ഷരപ്പാട്ട് എന്നിവയാണ് ഇനങ്ങൾ.
മത്സര നിബന്ധനകൾ, ലഘുലേഖ, മത്സരക്രമം എന്നിവ സമിതി ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും.
ഇ-മെയിൽ: childrensday026@gmail.com
തത്സമയ രജിസ്ട്രേഷനും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9847464613, 9447501393, 9061118598