ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയെച്ചൊല്ലി ബിജെപിക്കുള്ളിൽ വാക്പോര്. പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത രീതിയെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ വിമർശിച്ചതിന് പിന്നാലെ, പാർട്ടി വക്താവ് നാരായണൻ തിരുപ്പതി നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി.
പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സി.ജെ.പി നേതാക്കൾക്കെതിരായ മുൻകരുതൽ നടപടികളും അദ്ദേഹം ചോദ്യം ചെയ്തു. പ്രതിഷേധക്കാരുടെ ജാമ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, അണ്ണാമലൈ സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് നാരായണൻ തിരുപ്പതി പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധവും നിയമലംഘനവും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടും സി.ജെ.പി നേതാക്കൾ ബാരിക്കേഡുകൾ മറികടന്ന് നിയന്ത്രിത മേഖലയിലേക്ക് കടന്നതും നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചതുമാണ് പൊലീസ് നടപടിക്ക് കാരണമായതെന്ന് ബിജെപി വക്താവ് വിശദീകരിച്ചു.
നേതാക്കൾക്കെതിരായ നടപടികൾ നിയമാനുസൃതമായിരുന്നുവെന്നും മജിസ്ട്രേറ്റിന്റെ ഉത്തരവുകളും ജുഡീഷ്യൽ കസ്റ്റഡി നടപടികളും പാലിച്ചാണ് പൊലീസ് മുന്നോട്ടുപോയതെന്നും തിരുപ്പതി അവകാശപ്പെട്ടു. പിന്നീട് ഹൈക്കോടതി ഇടപെട്ട് തടവിലായിരുന്ന നേതാക്കളെ വിട്ടയച്ചത് നിയമനടപടികൾ പാലിച്ചതിന്റെ തെളിവാണെന്നും അദ്ദേഹം വാദിച്ചു.
സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ അനുമതിയില്ലാത്ത സ്ഥലത്തേക്ക് കടന്നതും പൊലീസ് നിർദേശങ്ങൾ ലംഘിച്ചതുമാണ് കേസിന് ആധാരമായത്.