തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ആർ.എസ്.എസ് വത്കരിക്കാനും ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ നിയന്ത്രണം കൈക്കലാക്കാനുമുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. മതങ്ങൾക്കതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ആർ.എസ്.എസിന്റെ തത്വങ്ങളുമായി പൊരുത്തമില്ലെന്നും ജയരാജൻ പറഞ്ഞു.

ശിവഗിരി ധർമസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കത്തിനെതിരെ ശ്രീനാരായണീയർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവഗിരിയെ കൈയടക്കുന്നതിലൂടെ കേരളത്തെ വരുതിയിലാക്കുക എന്നത് ആർ.എസ്.എസിന്റെ ദീർഘകാല അജണ്ടയാണെന്നും ജയരാജൻ പറഞ്ഞു.

ഗുരുവിന്റെ ദർശനങ്ങൾ ജാതിഭേദവും മതവൈരവും ഇല്ലാതാക്കുന്നതാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു മുന്നോട്ടുവെച്ച സോദരത്വത്തിന്റെ ആശയങ്ങളും ശിവഗിരി തീർത്ഥാടനത്തിന് നിർദേശിച്ച എട്ടിന കർമപരിപാടികളും സംഘപരിവാർ നിലപാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ ബൈലോയിൽ ഇത് ഹിന്ദു സന്യാസിമാരുടെ മാത്രം സംഘടനയാണെന്ന് പറയുന്നില്ലെന്നും ജാതിഭേദവും മതാന്ധതയും ഇല്ലാതാക്കുകയാണ് ട്രസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു. ഗുരുവിന്റെ ആശയങ്ങളെ മറച്ചുവെച്ച് ശിവഗിരിയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള നീക്കം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചു.

ധർമസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സന്യാസിമാർക്ക് പിന്നിൽ ആർ.എസ്.എസിന്റെ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകളും സ്വാമി ശുഭാംഗാനന്ദയുടെ പ്രതികരണവും ഗൗരവമുള്ളതാണെന്ന് ജയരാജൻ പറഞ്ഞു. ശ്രീനാരായണ ദർശനങ്ങൾ ജാതിമത ഭേദമന്യേ ഉയർത്തിപ്പിടിക്കുന്നവർ ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.