Rahul Humble Sanal
ബെംഗളൂരുവിൽ ഔദ്യോഗിക ആവശ്യത്തിനായി എത്തിയ യാത്രക്കാരൻ ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ തിരികെ നൽകാൻ ഡ്രൈവർ 3,000 രൂപ ആവശ്യപ്പെട്ടത് വിവാദമായി. എന്നാൽ, വിഷയത്തിൽ ഇടപെട്ട ബെംഗളൂരു ചിക്കജാല പൊലീസ് യാതൊരു പണവും നൽകാതെ തന്നെ ഫോൺ യാത്രക്കാരന് സുരക്ഷിതമായി തിരികെ വാങ്ങിനൽകി.
സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിഗത ആവശ്യത്തിനായി ബെംഗളൂരുവിലെത്തിയ മാനേജരും സഹപ്രവർത്തകനും ചേർന്ന് യെലഹങ്കയിലേക്ക് പോകാനാണ് കാബ് ബുക്ക് ചെയ്തത്.
ലക്ഷ്യസ്ഥാനത്ത് എത്തി ഇറങ്ങിയ ശേഷമാണ് മാനേജർ തന്റെ മൊബൈൽ ഫോൺ കാബിൽ തന്നെ ഇരുന്നിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. ഉടൻതന്നെ ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും, ആദ്യം കൈവശം ഫോണില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് ഫോൺ തന്റെ കൈവശമുണ്ടെന്ന് സമ്മതിച്ച ഡ്രൈവർ, എന്നാൽ അത് തിരികെ എത്തിക്കാൻ ഭീമമായ തുക ആവശ്യപ്പെടുകയായിരുന്നു.
തനിക്ക് മറ്റൊരു ട്രിപ്പ് ഉണ്ടെന്നും അതിനാൽ വരാൻ കഴിയില്ലെന്നും ഡ്രൈവർ അറിയിച്ചു. തുടർന്ന് യാത്രക്കാർ സ്വിഗ്ഗി ജീനി വഴി ഫോൺ അയച്ചുതരാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് നിരസിച്ചു. താൻ മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്നും എനിക്ക് മറ്റൊരു യാത്രയിൽ നിന്ന് ഏകദേശം 4,000 രൂപയുടെ നഷ്ടം വരുമെന്നും കാണിച്ച് ഫോൺ തിരികെ എത്തിക്കാൻ ഡ്രൈവർ 3,000 രൂപ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർ ന്യായമായ പ്രതിഫലം നൽകാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ പണത്തിനായി നിർബന്ധം പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കാനാവാതെ വന്നതോടെയാണ് യാത്രക്കാർ ചിക്കജാല പൊലീസ് സ്റ്റേഷനെ സമീപിച്ചത്. കന്നഡ ഭാഷ അറിയാത്തതിനാൽ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹിന്ദി ഭാഷയിലൂടെ കാര്യങ്ങൾ ചോബ്തു മനസ്സിലാക്കുകയും ഡ്രൈവറെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
സ്റ്റേഷനിൽ ഹാജരാകാനും അനുസരിച്ചില്ലെങ്കിൽ വാഹനം കസ്റ്റഡിയിലെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഡ്രൈവറെ അറിയിച്ചു. പൊലീസിന്റെ ഈ ശക്തമായ ഇടപെടലിനെത്തുടർന്ന് ഡ്രൈവറുടെ ഭാവം ആകെ മാറി. തുടർന്ന് ഡെലിവറി സർവീസ് വഴി അയാൾ യാതൊരു പണവും വാങ്ങാതെ ഫോൺ യാത്രക്കാർക്ക് തിരികെ എത്തിച്ചു നൽകുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച ചിക്കജാല പൊലീസിന്റെ സമയോചിതവും മാതൃകാപരവുമായ ഇടപെടലിനെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്.