​തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രശസ്തനായ ശബ്ദം കൃഷ്ണരാജ് (74) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ് സിനിമയിൽ മൂായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം, നാടൻ ശൈലിയിലുള്ള പാട്ടുകളിലൂടെയും തനതായ ആലാപന ശൈലിയിലൂടെയുമാണ് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ചത്.

1951-ൽ തമിഴ്നാട്ടിലെ സേലത്ത് ജനിച്ച കൃഷ്ണരാജ്, ആദ്യകാലങ്ങളിൽ നാടകങ്ങളിലാണ് പാടിയിരുന്നത്. സംഗീത കോളേജിൽ പഠനത്തിന് ചേർന്ന അദ്ദേഹത്തിന് മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം സാക്ഷാൽ എം.ജി.ആറിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള അപൂർവ്വ ഭാഗ്യവും ലഭിച്ചിട്ടുണ്ട്. തുടർന്ന് ഗായകനായി നിരവധി കാസറ്റുകളിൽ പാടിയ അദ്ദേഹം സംഗീത സംവിധായകൻ ദേവയിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

'കാതൽ കോട്ടൈ' എന്ന ചിത്രത്തിലെ 'വെള്ളരിക്ക പിഞ്ച് വെള്ളരിക്ക...' എന്ന ഗാനത്തോടെയാണ് അദ്ദേഹത്തിന് സിനിമാലോകത്ത് തിരക്കേറിയത്.

​ചേരൻ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ 'പൊർക്കാളം' എന്ന ചിത്രത്തിലെ 'തഞ്ചാവൂരു മണ്ണു എടുത്ത്, താമരഭരണി തണ്ണിയ വിട്ട്, സേത്തു സേത്തു സെഞ്ചതിന്ത ബൊമ്മ ഇത് ബൊമ്മയില്ല ബൊമ്മയില്ല ഉൺമൈ' എന്ന ഗാനം കൃഷ്ണരാജിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.

സിംഗപൂർ പ്രസിഡന്റായിരുന്ന എസ്.ആർ. നാഥന്റെ മരണാനന്തര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ഈ ഗാനം കേൾപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ചിത്രത്തിലെ ആലാപന മികവിന് തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. രജനീകാന്ത് ചിത്രമായ 'അരുണാചല'ത്തിൽ ഹരിഹരൻ പാടിയ 'നഗുമോ ഏയ് സുഗമോ...' എന്ന പ്രശസ്തമായ ഗാനത്തിന് ആദ്യം ട്രാക്ക് പാടിയത് കൃഷ്ണരാജ് ആയിരുന്നു.

എന്നാൽ ഷൂട്ടിംഗ് വേളയിൽ കൃഷ്ണരാജ് പാടിയ ആ ട്രാക്ക് കേട്ട രജനീകാന്ത്, ഷൂട്ടിങ്ങിൽ ഉപയോഗിച്ചത് വേറെയൊരു വോയ്സ് ആണെന്നും ആ പാടിയ വേർഷൻ മതി സിനിമയിലും എന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആ ഗാനം സിനിമയിൽ ഉപയോഗിച്ചെങ്കിലും ഔദ്യോഗിക ഓഡിയോ കാസറ്റിൽ ആ വേർഷൻ ഉൾപ്പെട്ടിരുന്നില്ല.

'പൊർക്കാളം' ചിത്രത്തിലെ തഞ്ചാവൂരു മണ്ണു എന്ന ഗാനവും ആദ്യം അദ്ദേഹം പാടിയ ട്രാക്ക് തന്നെയായിരുന്നു പിന്നീട് മെച്ചപ്പെടുത്തി സിനിമയിൽ ഉൾപ്പെടുത്തിയത്.

​മെലഡിയും ഡപ്പാംകൂത്തും സെമി ക്ലാസിക്കലുമടക്കം ഏത് തരം പാട്ടുകളും ഒരേപോലെ പാടാൻ കഴിവുള്ള ഗായകനായിരുന്നു കൃഷ്ണരാജ്. ദേവ, ഇളയരാജ, എ.ആർ. റഹ്മാൻ, യുവൻ ശങ്കർ രാജ, ഭരണി തുടങ്ങി നിരവധി പ്രമുഖ സംഗീതസംവിധായകരുടെ കീഴിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

'മൂവേന്ദർ' ചിത്രത്തിലെ 'സോക്ക് സുന്ദരി...', 'മുത്തുക്ക് മുത്താക'യിലെ 'കാത്തടിച്ചാ നോവുമെന്ന് പൊത്തി പൊത്തി...', 'താജ് മഹൽ' ചിത്രത്തിലെ 'ഈച്ചി എലുമിച്ചി ഏടി കരുവാച്ചീ...', 'സൂരറൈ പോട്ര്' ചിത്രത്തിലെ 'നാല് നിമിഷം ഉന്ന കാണാമ...', 'കഴുക്' ചിത്രത്തിലെ 'അമ്പിളൈക്കും പൊബൈളൈക്കും...', 'സുന്ദരാ ട്രാവൽസ്' ചിത്രത്തിലെ 'കണ്ണും കണ്ണും പത്തുകിട്ടാ...', 'പരുത്തിവീരൻ' ചിത്രത്തിലെ 'സണ്ടാഴി ഓൻ പാസത്താലേ...', 'വർഷമെല്ലാം വസന്തം' ചിത്രത്തിലെ 'നാ റെഡി നീങ്ക റെഡിയാ...', 'കാതൽ കോട്ടൈ'യിലെ 'നലം നലമറിയ ആവൽ (വേർഷൻ 2)...', 'പാർവ്വെയ് ഒൻട്രു പോതുമേ'യിലെ 'നീ പാത്തിട്ട് പോനാലും...' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

പാട്ടുകൾ കേൾക്കുമ്പോൾ പാടിയവരെ പലപ്പോഴും തിരിച്ചറിയാൻ ആരാധകർക്ക് കഴിയാതെ പോകാറുണ്ടെങ്കിലും, തന്റെ തനതായ ശബ്ദം കൊണ്ട് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭയാണ് കൃഷ്ണരാജ്.

അദ്ദേഹത്തിന്റെ വിയോഗം തമിഴ് സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രിയ ഗായകന് ആദരാഞ്ജലികൾ.